‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിച്ചില്ല: ഇന്ന് ജലസമാധിയടയുമെന്ന് പരമഹംസ് ആചാര്യ മഹാരാജ്

ന്യൂഡല്‍ഹി: ഇന്ത്യയെ ‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജലസമാധിയടയുമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്.

ഒക്ടോബര്‍ രണ്ടിനുള്ളില്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തണം എന്നായിരുന്നു പരമഹംസ് ആചാര്യ മഹാരാജിന്റെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഭീഷണി.

രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെടുകയുണ്ടായി. ജലസമാധിക്ക് മുന്നോടിയായുള്ള പൂജ അയോധ്യയില്‍ തുടങ്ങി. പുറത്തു ആളുകള്‍ തടിച്ചുകൂടിയിരിക്കുകയാണ്. പോലീസ് സംഘവും സ്ഥലത്തെത്തി.

മുന്‍പും പരമഹംസ് ആചാര്യ മഹാരാജ് സമാന ഭീഷണി മുഴക്കിയിരുന്നു. ചിതയൊരുക്കിയാണ് ഭീഷണി മുഴക്കിയത്. അയോധ്യ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെച്ചത്. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

Exit mobile version