ഡൽഹിയിലെ കോടതിക്ക് ഉള്ളിൽ വെടിവെപ്പ്; ഗുണ്ടാത്തലവൻ ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് അഭിഭാഷക വേഷത്തിലെത്തിയവർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കോടതിക്കുള്ളിൽ വെടിവെപ്പ്. ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ 206ാം നമ്പർ കോടതിയിലാണ് സംഭവം. കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. അഭിഭാഷകയടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഗോഗിയുടെ എതിർസംഘത്തിലുള്ളവരാണ് കോടതിക്കുള്ളിൽ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിൽ കലാശിച്ചത്.

അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേർ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികൾക്ക് നേരേ പോലീസും വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ട് അക്രമികളെ പോലീസ് വധിച്ചു.

അതേസമയം, കോടതിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്‌പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version