ഓര്‍മശക്തിയില്‍ തിളങ്ങി നാലുവയസ്സുകാരി നസിയ നസര്‍

തിരുവനന്തപുരം: ഓര്‍മശക്തിയുടെ തിളക്കത്തില്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍
ഇടംപിടിച്ച് നാലുവയസ്സുകാരി നസിയ നസര്‍. ജില്ലകള്‍, മലയാള മാസങ്ങള്‍, ഇംഗ്ലീഷ് മാസങ്ങള്‍, ആഴ്ചയിലെ ദിവസങ്ങള്‍, നോട്ടുകളില്‍ ആലേഖനം ചെയ്ത ചിത്രങ്ങള്‍, ദേശീയ ചിഹ്നങ്ങള്‍, വാഹനങ്ങള്‍, പഴവര്‍ഗങ്ങള്‍, കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍, മലയാള കവികളുടെ പേരുകള്‍ തുടങ്ങിയവ വേഗത്തില്‍ ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവാണ് നസിയക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. തൈക്കാട് ചരുവിളാകം ബിസ്മി മന്‍സിലില്‍ നസറുദ്ദീന്‍-സാബിറ ബീഗം ദമ്പതികളുടെ മകളാണ്.

ഒന്നര വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ പാട്ടിന്റെ വരികളും കളിപ്പാട്ടങ്ങളുടെ പേരുകളുമൊക്കെ ഓര്‍ത്തെടുത്ത് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് മാതാവ് പറയുന്നു. ഇതേ തുടര്‍ന്ന് ഓരോന്നും പറഞ്ഞ് പഠിപ്പിച്ചു.

ഓര്‍മശക്തിയിലെ സവിശേഷത മനസ്സിലാക്കിയാണ് കുഞ്ഞിന് മൂന്ന് വയസ്സും എട്ടുമാസവും പ്രായമുള്ള സമയത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിനെ സമീപിച്ചത്.
ഓണ്‍ലൈനായിരുന്നു അവതരണം. ഒപ്പം അവതരണത്തിന്റെ 19 വീഡിയോകളും അയച്ചുനല്‍കി. തടസ്സമില്ലാതെയും മുറിഞ്ഞ് പോകാതെയും പേരുകളോരോന്നും അവതരിപ്പിച്ചതോടെയാണ് അംഗീകാരം തേടിയത്.

ബുക് ഓഫ് റെക്കോഡില്‍ ഉള്‍പ്പെട്ട വിവരം ഓണ്‍ലൈനായി അറിയിച്ച് 20 ദിവസം കഴിഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റും മെഡലും ഐഡി കാര്‍ഡും ബാഡ്ജുമെല്ലാം തപാലിലെത്തി. ഇതിന് പിന്നാലെ കലാംസ് വേള്‍ഡ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട് നസിയ.

പിതാവ് നസറുദ്ദീന്‍ ടെക്‌സ്‌റ്റൈല്‍ ഷോറൂമിലെ സുരക്ഷാജീവനക്കാരനാണ്.

\knb \

Exit mobile version