നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു, സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ല; രാജ്യത്ത് ഇന്ന് പോലീസുകാരുടെ ജീവനേക്കാള്‍ വിലയാണ് പശുവിന്; നസ്‌റുദ്ദീന്‍ ഷാ

നിയമം കൈയ്യിലെടുക്കുന്നവര്‍ക്കാണ് രാജ്യത്ത് പരിരക്ഷ ലഭിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി

മുംബൈ: പശുവിന്റെ പേരില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അസഹിഷ്ണുതക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ഇന്ന് രാജ്യത്ത് പോലീസുകാരുടെ ജീവനേക്കാള്‍ വിലയാണ് പശുവിനെന്ന് നസ്‌റുദ്ദീന്‍ ഷാ പരിഹസിച്ചു. നിയമം കൈയ്യിലെടുക്കുന്നവര്‍ക്കാണ് രാജ്യത്ത് പരിരക്ഷ ലഭിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷെഹറില്‍ പോലീസുദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നസ്‌റുദ്ദീന്‍ ഷായുടെ വിമര്‍ശം. ബിജെപി ഇതിനകം നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു. ഈ സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ലെന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു.

താന്‍ മക്കളെ വളര്‍ത്തിയത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും,എന്നാല്‍
തന്റെ മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം രാജ്യത്തിന്റെ അവസ്ഥയില്‍ ഭയമല്ല, മറിച്ച് ദേഷ്യമാണ് വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ തന്നെ ആര്‍ക്കും ഇവിടെ നിന്ന് പുറത്താക്കാനാവില്ലെന്നും നസ്‌റുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

Exit mobile version