വളക്കച്ചവടത്തിന്റെ മറവിൽ സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; പതിനായിരം രൂപയും കവർന്നു, കച്ചവട വസ്തുക്കളും നശിപ്പിച്ചു

ഇൻഡോർ: വളക്കച്ചവടത്തിന്റെ മറവിൽ സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. പേര് ചോദിച്ചതിന് ശേഷമായിരുന്നു ആക്രമണമെന്നാണ് പരാതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഒരുസംഘം ആളുകൾ യുവാവിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വളകൾ വിൽക്കുന്നതിന്റെ മറവിൽ യുവാവ് സ്ത്രീകളെ ഉപദ്രവിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് ഒരുസംഘം യുവാവിനെ റോഡിലിട്ട് മർദിച്ചത്.

ഇയാൾ വിൽപ്പനയ്ക്കായി കരുതിയിരുന്ന വളകളും മറ്റുവസ്തുക്കളും നശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവർന്നതായും ആരോപണമുണ്ട്. അക്രമിസംഘത്തിലെ ഒരാൾ ആദ്യം തന്റെ പേര് ചോദിച്ചതെന്നും പേര് പറഞ്ഞതിന് പിന്നാലെ മർദനം ആരംഭിച്ചെന്നുമാണ് യുവാവ് പറയുന്നത്.

ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ രാഷ്ട്രീയ നേതാക്കളും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഈ വീഡിയോ അഫ്ഗാനിസ്താനിൽനിന്നല്ലെന്നും ശിവ് രാജ് സിങ് ചൗഹാന്റെ മധ്യപ്രദേശിൽനിന്നാണെന്നും കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ്ഗാർഹി ട്വിറ്ററിൽ കുറിച്ചു. വളകൾ വിൽക്കുന്ന ഒരു മുസ്ലീം യുവാവിന് നേരേയൊണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിച്ചു. ഈ ഭീകരർക്കെതിരേ എപ്പോൾ നടപടിയെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. ആക്രമണത്തിനിരയായ യുവാവിന് താൻ നഷ്ടപരിഹാരം നൽകുമെന്നും നിയമസഹായം നൽകുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. സംഭവം മൂടിവെയ്ക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version