ഇനി സ്ലിപ്പര്‍ ചെരുപ്പിടുന്നവര്‍ക്കും വിമാനയാത്ര സാധ്യമാകും: മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: രാജ്യത്ത് സ്ലിപ്പര്‍ ചെരുപ്പിടുന്ന സാധാരണക്കാരനും താങ്ങാനാവുന്ന വിമാനയാത്ര സാധ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് ചെറിയ നഗരങ്ങളില്‍ പോലും പുതിയ വിമാനത്താവളങ്ങള്‍ തുറന്നതായും ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യോമപാതകള്‍ പുതുതായി ആരംഭിച്ചതായും അദ്ദേഹം മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകാരോട് പറഞ്ഞു.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഇന്ത്യയില്‍ ഇത് സാധ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിച്ചേരും വിധം വിമാനയാത്ര സൗകര്യം വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ സിന്ധ്യയെ കഴിഞ്ഞ മാസമാണ് മോഡി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയത്. സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല നല്‍കി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്‍ ജന്‍ ആശിര്‍വാദ് യാത്ര നടത്തുകയാണ് അദ്ദേഹം. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version