യുപിയില്‍ ജില്ലകളുടെ പേരുമാറ്റണമെന്ന ആവശ്യം ശക്തം : പ്രമേയം പാസ്സാക്കി, അലിഗഢ് ഹരിഗഢാകും

Aligarh | Bignewslive

ലഖ്‌നൗ : യുപിയില്‍ അലിഗഢ്, മെയിന്‍പുരി എന്നീ ജില്ലകളുടെ പേര് മാറ്റണമെന്ന ആവശ്യം ഉടന്‍ നടപ്പിലായേക്കുമെന്ന് സൂചന. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് ജില്ലാ പഞ്ചായത്തുകള്‍ പ്രമേയം പാസ്സാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും.

ബിജെപി ഭരണത്തിലുള്ള ഇരു പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരു മാറ്റാനുള്ള തീരുമാനമെടുത്തത്. അലിഗഢ് ജില്ലാ പഞ്ചായത്ത് ഏകകണ്‌ഠേനയാണ് പ്രമേയം പാസ്സാക്കിയത്. ആകെയുള്ള 72 അംഗങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത 50 പേരും പ്രമേയത്തെ അനുകൂലിച്ചു. മെയിന്‍ പുരി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 11ന് എതിരെ 19 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്.

അലിഗഢിന്റെ പേര് ഹരിഗഢ് ആക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെന്നും അനുമതിയ്ക്കായി പ്രമേയം സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും അലിഗഢ് പഞ്ചായത്ത് ചെയര്‍മാന്‍ വിജയ് സിംഗ് പറഞ്ഞു.ഫിറോസാബാദിന്റെ പേര് മാറ്റി ചന്ദ്ര നഗര്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം പാസ്സാക്കിയിരുന്നു. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് ശേഷം നിരവധി നഗരങ്ങളുടെ പേരുകള്‍ ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്.

അലഹബാദ് പ്രയാഗ് രാജും, ഫൈസാബാദ് അയോധ്യയും മുഗള്‍സാരായ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ നഗറായതുമൊക്കെ യോഗിയുടെ ഭരണകാലത്താണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് സുപ്രധാന നഗരങ്ങളുടെ പേര് മാറ്റാന്‍ യുപി സര്‍ക്കാര്‍ നീങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

Exit mobile version