എംഎൽഎമാർക്കുള്ള സദ്യയും സമ്മാനപ്പൊതി നൽകലും അവസാനിപ്പിച്ച് എംകെ സ്റ്റാലിൻ; ക്യാന്റിനീൽ നിന്ന് കഴിക്കാം

ചെന്നൈ: എംഎൽഎമാർക്ക് നിയമസഭ സമ്മേളന കാലത്ത് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സമ്മാനപ്പൊതികളും നൽകുന്ന തമിഴ്‌നാട് നിയമസഭയിലെ പതിവ് അവസാനിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.

ബജറ്റ് കാലത്ത് പ്രതിദിനം 1000 പേർക്കാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം വിളമ്പിയിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ ഇതിനായി പ്രതിദിനം സർക്കാരിലെ വിവിധ വകുപ്പുകൾ ചെലവിട്ടിരുന്നു.

അതേസമയം, ഇനിമുതൽ നിയമസഭ ചേരുമ്പോൾ എംഎൽഎമാർ ഭക്ഷണം സ്വന്തം നിലയിൽ ഏർപ്പാടാക്കുകയോ നിയമസഭാ ക്യാന്റീനിൽ പോയി കഴിക്കുകയോ ചെയ്യണം. വിവിധ വകുപ്പ് മേധാവികൾക്കും മന്ത്രിമാരുടെ ഓഫിസുകൾക്കും മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

കാലങ്ങളായി ബജറ്റ് സമ്മേളന കാലത്ത് ഓരോ വകുപ്പുകളാണ് എംഎൽഎമാർക്ക് ഭക്ഷണം ഏർപ്പെടുത്തിയിരുന്നത്. എംഎൽഎമാർക്കും അവരുടെ ജീവനക്കാർക്കും പോലീസിനും നിയമസഭ സെക്രട്ടറിയേറ്റ് ജീവനക്കാർക്കുമെല്ലാം ഭക്ഷണം നൽകിയിരുന്നു.

Exit mobile version