സുവര്‍ണ്ണ ക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കി വില്‍പ്പനയ്ക്ക് വെച്ചു; ആമസോണ്‍ വിവാദക്കുരുക്കില്‍!

മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്പനയ്ക്കിട്ടതിന്റെ പേരില്‍ നേരത്തെയും ആമസോണ്‍ വിവാദത്തിലായിരുന്നു.

ന്യൂഡല്‍ഹി: സുവര്‍ണ്ണ ക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കി ഉത്പന്നം വില്‍പ്പനയ്ക്ക് വെച്ച് ആമസോണ്‍. പഞ്ചാപ് മുഖ്യമന്ത്രിയാണ് ഉത്പന്നത്തിനെതിരെ ആദ്യം രംഗത്ത് വന്നത്. ഉത്പന്നത്തിന്റെ ചിത്രം ഉള്‍പ്പടെ പങ്ക് വെച്ച് എത്രയും വേഗം ഉത്പന്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ 18 ന് യുഎസിലെ സിഖ് ബോഡിയും ആമസോണിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ആമസോണിന്റെ നടപടിക്കെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്നും ലോകത്തെമ്പാടുമുള്ള സിഖ് വിഭാഗക്കാരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചിരുന്നു. എത്രയും പെട്ടെന്ന് ഉത്പ്പന്നം പിന്‍വലിച്ച് കമ്പനി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്പനയ്ക്കിട്ടതിന്റെ പേരില്‍ നേരത്തെയും ആമസോണ്‍ വിവാദത്തിലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് ആമസോണ്‍ വെബ്സൈറ്റില്‍ നിന്നും ഉല്‍പ്പന്നം പിന്‍വലിക്കുകയായിരുന്നു. ആമസോണിന്റെ യുഎസ് വെബ്‌സൈറ്റിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്പനക്ക് വച്ചിരുന്നത്.

Exit mobile version