യുഎന്‍ രക്ഷാസമിതി അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഡി

Narendra Modi | Bignewslive

ന്യൂഡല്‍ഹി : സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് യുഎന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎന്‍ രക്ഷാസമിതി അധ്യക്ഷ പദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. വീഡിയെ കോണ്‍ഫറന്‍സിങ് വഴി ഇന്ന് വൈകിട്ട് 5.30നാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗം അല്ലാത്ത രാജ്യങ്ങള്‍ക്ക് ഊഴം അനുസരിച്ചാണ് അധ്യക്ഷ പദവി ലഭിക്കുന്നത്. ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവിയാണ് ഇന്ത്യ ഏറ്റെടുക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. സാധാരണ അംബാസഡര്‍മാരാണ് ഊഴമനുസരിച്ചുള്ള അധ്യക്ഷപദം ഏറ്റെടുക്കുന്നതും യോഗങ്ങളില്‍ പങ്കെടുക്കുന്നതും. പ്രത്യേക സാഹചര്യങ്ങളില്‍ വിദേശകാര്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ഈ അവസരം ഉപയോഗിക്കാറുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഡിആര്‍ കോംഗോ പ്രസിഡന്റ് ഫെലിക്‌സ് അന്റോയിന്‍ ഷിസേകിഡി ഷിലോംബോ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. രക്ഷാസമിതി അധ്യക്ഷനായിട്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കിലും മോഡി നടത്തുന്ന പ്രസ്താവനകള്‍ ഇന്ത്യയുടേതായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നാണ് വിലയിരുത്തല്‍.

ഒരു മാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുക എന്നതാണ് പ്രധാനമായും അധ്യക്ഷന്റെ ചുമതല. സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇന്ത്യ ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്ന വിഷയങ്ങള്‍.

Exit mobile version