കോവോവാക്‌സ് വാക്‌സിന്‍ ഒക്ടോബറോടെ: കുട്ടികള്‍ക്കുള്ള വാക്സിന്‍ അടുത്ത വര്‍ഷം ആദ്യം; അദാര്‍ പുനാവാല

ന്യൂഡല്‍ഹി: അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് വാക്സിന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കി തുടങ്ങാനാകുമെന്ന് സിഇഒ അദാര്‍ പുനാവാല അറിയിച്ചു.

കുട്ടികള്‍ക്കുള്ള വാക്സിന്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും പുനാവാല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം.

കോവോവാക്സിനും രണ്ടു ഡോസായിരിക്കുമെന്നും വില പിന്നീട് നിശ്ചയിക്കുമെന്നും പൂനാവാല പറഞ്ഞു. സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പുനാവാല വ്യക്തമാക്കി. വാക്സിന്‍ നിര്‍മ്മാണത്തിന്റെ വേഗത കൂട്ടാനുള്ള നടപടികള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.

മുതിര്‍ന്നവര്‍ക്കുള്ള കോവോവാക്സ് വാക്‌സിന്‍ ഒക്ടോബറിലും കുട്ടികള്‍ക്കും വേണ്ടിയുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യവും പുറത്തിറക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തെ ആശ്രയിച്ചാണ് ഇതെന്നും പൂനാവാല പറഞ്ഞു.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യം, മിക്കവാറും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പൂനാവാല വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Exit mobile version