കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക

Karnataka | Bignewslive

ബെംഗളുരു : കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.പഠനവും മറ്റുമായി ബന്ധപ്പെട്ട് എന്നും അതിര്‍ത്തി കടക്കുന്ന വിദ്യാര്‍ഥികളും കര്‍ണാടകയില്‍ നിരന്തരം ജോലി ചെയ്ത് മടങ്ങുന്നവരും പതിനഞ്ച് ദിവസം കൂടുമ്പോള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ പ്രവേശിക്കേണ്ടവര്‍ക്കായി അതിര്‍ത്തിയില്‍ പരിശോധന നടത്തും. ഈ പരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും കടത്തി വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

ഇന്നലെ 1900ത്തോളം പുതിയ കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം. നേരത്തേ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ അല്ലെങ്കില്‍ കോവിഷീല്‍ഡ് ഒരു ഡോസെടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമോ ആണ് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയായി നിശ്ചയിച്ചിരുന്നത്.

Exit mobile version