പാഞ്ഞെത്തിയ ട്രക്ക് നിര്‍ത്തിയിട്ട ബസിന് പുറകില്‍ ഇടിച്ചു; റോഡരികില്‍ കിടന്ന തൊഴിലാളികള്‍ക്ക് മീതെ ബസ് കയറിയിറങ്ങി, 18 പേര്‍ക്ക് അതിദാരുണ മരണം, നിരവധി പേര്‍ക്ക് പരിക്ക്

Truck Rams Bus | Bignewslive

ലഖ്‌നൗ: അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ട ബസിന് പുറകില്‍ ഇടിച്ച അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍പോട്ടു പോയ ബസ് റോഡരികില്‍ കിടന്ന തൊഴിലാളികള്‍ക്ക് മീതെ കയറിയിറങ്ങി. ദാരുണമായ അപകടത്തില്‍ 18 ജീവനുകളാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്.

ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം. ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി.

യാത്ര മുടങ്ങിയതിനെതുടര്‍ന്ന് തൊഴിലാളികള്‍ ബസ്സിന് മുന്നിലായി റോഡരികില്‍ കിടന്നുറങ്ങി. ഈ സമയം, അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ പൊടുന്നനെ കയറിയിറങ്ങുകയായിരുന്നു. ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുളള ശ്രമം തുടരുകയാണ്.

Exit mobile version