ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ഹാഫിസ് സയ്യിദിന്റെ ബന്ധു അടക്കം 5 തീവ്രവാദികളെ സൈന്യം വധിച്ചു എന്ന സ്ഥിരീകരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. മെയ് 7 ലെ ആക്രമണത്തില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്‌ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്.
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മൗലാന മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസര്‍. മൗലാന മസൂദ് അസറിന്റെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് പാക് സര്‍ക്കാരിന്റെ ബഹുമതികളോടെയാണ്.
ലഷ്‌കര്‍ ഭീകരനായ മുദസ്സര്‍ ഖാദിയാന്‍, ജമ്മുവില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ലഷ്‌കര്‍ ഭീകരന്‍ ഖാലിദ്, പാക് അധീന കശ്മീരിലെ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറുടെ മകന്‍, മുഫ്തി അസ്ഹര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ മുഹമ്മദ് ഹസ്സന്‍ എന്നിവരും കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നു.