പ്രണയം, നാടുവിടാന്‍ തീരുമാനിച്ചു; മകളുടെ കണ്‍മുന്‍പില്‍ വെച്ച് യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു, മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടന്നത് അഞ്ചുദിവസം, ഒടുവില്‍ മരണം

താനെ: പ്രണയിച്ചു നാടുവിട്ടതിന്റെ പേരില്‍ മകളുടെ കണ്‍മുന്‍പില്‍ വെച്ചു കാമുകനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു. സംഭവത്തില്‍ യുവതിയുടെ പിതാവും സഹോദരനും അടക്കം 11 പേരെ ജിആര്‍പി അറസ്റ്റ് ചെയ്തു. കല്യാണ്‍ നിവാസിയായ ഷാഹില്‍ ഹാഷ്മി (19)യെ കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഷാബിര്‍ ഹാഷ്മി, സഹോദരന്‍ ഖാസിം, ബന്ധുക്കളായ ഘുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.

മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭിവണ്ടിയിലെ റിമാന്‍ഡ് ഹോമില്‍ അയച്ചു. ഷാഹില്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായതു പെണ്‍കുട്ടിയുടെ കുടുംബത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഇരുവരും ഉത്തര്‍പ്രദേശിലെ ബഡോഹി ജില്ലക്കാരാണ്. ഒളിച്ചോടാന്‍ തീരുമാനിച്ച ഷാഹില്‍ ജൂണ്‍ 19നു പെണ്‍കുട്ടിയെയും കൂട്ടി മുംബൈക്കു പോകാനായി പുറപ്പെട്ടു.

ഇവര്‍ രത്നഗിരി എക്സ്പ്രസില്‍ കയറാന്‍ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കല്യാണ്‍ സ്റ്റേഷനിലെത്തി ഇതേ ട്രെയിനില്‍ കയറി. ട്രെയിനില്‍ ഷാഹിലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇതേ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെ ഡോംബിവ്ലിയിലെ കോപര്‍-ദിവ സ്റ്റേഷനുകള്‍ക്കിടയ്ക്കു ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു. ഗുരുതരമായി കിടന്ന ഷാഹിലിനെ പിന്നീട് ജിആര്‍പി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 5 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version