ഉയര്‍ച്ചയ്ക്ക് പിന്നില്‍ ‘ഗണപതി’: രണ്ട് കോടി ചെലവിട്ട് ക്ഷേത്രം നിര്‍മ്മിച്ച് ക്രിസ്ത്യന്‍ വ്യവസായി

മുംബൈ: രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ച് ഉഡുപ്പിയില്‍ സിദ്ധി വിനായക ക്ഷേത്രം നിര്‍മിച്ച് ക്രിസ്ത്യന്‍ വ്യവസായി. 77കാരനായ ഗബ്രിയേല്‍ നസരേത് ആണ് കോടികള്‍ ചിലവിട്ട് ക്ഷേത്രം നിര്‍മ്മിച്ചത്. സിദ്ധി വിനായകന്റെ കടുത്ത ഭക്തന്‍ കൂടിയാണ് അദ്ദേഹം.

പാരമ്പര്യമായി ലഭിച്ച 25 സെന്റ് ഭൂമിയിലാണ് ക്ഷേത്രം. കറുത്ത നിറത്തിലുള്ള 36 ഇഞ്ച് വലിപ്പമുള്ള ഗണേശ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് സമീപമായി പൂജാരിയ്ക്കുള്ള വീടും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

മൂന്നംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതല. പ്രദേശത്തെ പ്രമുഖ എന്‍ജീനിയര്‍ നാഗേഷ് ഹെഗ്ഡേ, രത്നാകര്‍ കുക്യന്‍, ഗബ്രിയേലിന്റെ സുഹൃത്ത് സതീഷ് ഷെട്ടി എന്നിവരാണ് സമിതിയില്‍ ഉള്ളത്.

55 വര്‍ഷമായി ഇദ്ദേഹം മുംബൈയിലാണ് താമസം. നാട്ടില്‍ നിന്നും പത്താംക്ലാസ് ജയിച്ച ശേഷം ജിവിക്കാനുള്ള പണി തേടിയാണ് അന്ന് മുംബൈ നഗരത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി ഫാക്ടറി ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ 60 വര്‍ഷമായി സിദ്ധി വിനായക ഭഗവാന്റെ കടുത്ത ഭക്തനാണ് താനെന്ന് ഗബ്രിയേല്‍ പറഞ്ഞു. 1959 ല്‍ മുംബൈയില്‍
എത്തിയപ്പോള്‍ അവിടെ കഴിഞ്ഞിരുന്നത് പ്രഭാദേവിയിലായിരുന്നു. അപ്പോള്‍ മുതലാണ് സിദ്ധി വിനായകന്റെ ഭക്തനായത്. അക്കാലത്ത് എന്നും ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. എല്ലാ ഐശ്വര്യങ്ങള്‍ക്കും, ഉയര്‍ച്ചയ്ക്കും പിന്നില്‍ ഭഗവാന്‍ സിദ്ധി വിനായകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version