ചാണകവും ഗോമൂത്രവും ഫലിക്കില്ലെന്ന് പോസ്റ്റിട്ടതിന് ആക്ടിവിസ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റം : വൈകിട്ട് 5 മണിക്കകം മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

Supreme Court | Bignewslive

ന്യൂഡല്‍ഹി : ചാണകവും ഗോമൂത്രവും കൊറോണയ്ക്കുളള മരുന്നല്ല എന്ന് പോസ്റ്റിട്ട മണിപ്പൂരി ആക്ടിവിസ്റ്റ് ലിച്ചോംബം എറെന്‍ഡ്രോയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കകം അദ്ദേഹത്തെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

എറെന്‍ഡ്രോയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും എറെന്‍ഡ്രോയെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ലിച്ചോംബം തടവില്‍ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മേയിലാണ് 37കാരനായ എറെന്‍ഡ്രോയെ ദേശീയ സുരക്ഷാ നിയമപ്രകാരം മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂര്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഗോമൂത്രവും ചാണകവും കൊറോണയ്ക്കുള്ള ചികിത്സയല്ലെന്ന് ലിച്ചോംബം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മണിപ്പൂര്‍ ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ആഭ്യന്തരമന്ത്രി അമിത് ഷായെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടുവെന്ന പരാതിയില്‍ 2020ലും ലിച്ചോംബയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.

Exit mobile version