വിശാല സഖ്യമെന്നത് എവിടെയുമില്ലാത്ത കാര്യമാണ്! അത് ഒരു ‘മായ’ മാത്രമാണ്; പരിഹസിച്ച് അമിത് ഷാ

മുംബൈ: പ്രതിക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം എന്ന ആശയത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിശാല സഖ്യം എന്നത് മായ മാത്രമാണ്. 2019ല്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. മുംബൈയില്‍ റിപ്പബ്ലിക് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് വിശാല സഖ്യത്തിനെതിരെ അമിത് ഷായുടെ പരിഹസിച്ചത്.

പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. അത് ഒരിക്കലും നടക്കാത്തതും മായ മാത്രവുമാണ്. എവിടെയും ഇല്ലാത്ത ഒരു കാര്യമാണത്. അവരെല്ലാം പ്രാദേശിക നേതാക്കളാണ്. പരസ്പരം സഹായിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഇവരോടെല്ലാം പോരാടിയാണ് 2014 ഞങ്ങള്‍ അധികാരത്തില്‍ വന്നത്. 2014ല്‍ ആറ് സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 16 സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ ഉണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമല്ല. ജനവിധി അംഗീകരിക്കുന്നു. പക്ഷേ, അത് ലോക്‌സഭ തെരഞ്ഞെടുപ്പുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല. വ്യത്യസ്തമായ കാര്യങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ചര്‍ച്ച ആവുകയെന്നും അമിത് ഷാ പറഞ്ഞു.

2019ല്‍ പശ്ചിമ ബംഗാളും ഒഡീഷയും വടക്കേ ഇന്ത്യയും നേടുമെന്നും അമിത് ഷാ പറഞ്ഞു. ദേശീയ സുരക്ഷയും അഴിമതിയുടെ കുറവുമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയങ്ങള്‍. എട്ട് കോടി വീടുകള്‍ക്ക് ഞങ്ങള്‍ ശുചിമുറി പണിത് നല്‍കി. കൂടാതെ 2.5 കോടി വീടുകളില്‍ വൈദ്യുതി എത്തിച്ചു. ബിജെപിക്ക് മാത്രമല്ല, ഒരു ശക്തമായ സര്‍ക്കാര്‍ അധികാരത്തിലേറേണ്ടത് രാജ്യത്തിന്റെ കൂടെ ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ശിവസേന അടുത്ത തെരഞ്ഞെടുപ്പിലും ബിജെപിയോടൊപ്പമുണ്ടാകുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version