ജനസംഖ്യ വര്‍ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന് തടസം; യോഗി ആദിത്യനാഥ്

വരണാസി: ജനസംഖ്യ വര്‍ധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാറിന്റെ 2021- 2030 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനനനിരക്ക് 2.7ല്‍ നിന്ന് 2026 ഓടെ 2.1 ആയും 2030 ഓടെ 1.9 ആയും കുറക്കുകയാണ് ലക്ഷ്യമെന്ന് യോഗി പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ടു കുട്ടികള്‍ തമ്മിലുള്ള കാലവ്യത്യാസം വര്‍ധിപ്പിക്കണം. ജനസംഖ്യാ വര്‍ധനയും ദാരിദ്ര്യവും പരസ്പര ബന്ധിതമാണ്. പുതിയ നയത്തില്‍ എല്ലാ സമുദായങ്ങളെയും പരിഗണിക്കുന്നുണ്ട്. നയരൂപവത്കരണത്തിന് 2018 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുകയായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.

വിവാദമായ നിരവധി വ്യവസ്ഥകളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ യുപി ജനസംഖ്യ (നിയന്ത്രണ, സുസ്ഥിര, ക്ഷേമ) ബില്‍ 2021 എന്നപേരിലുള്ള കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ മതി എന്നതാണ് പുതിയ ബില്ലില്‍ അനുശാസിക്കുന്നത്.

രണ്ടിലധികം കുട്ടികളുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും ഏതെങ്കിലും സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും. മാതാപിതാക്കളും കുട്ടികളുമടക്കം നാലുപേരെ മാത്രമേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തൂ.

ഒരു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തിയാല്‍ സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ്സുവരെ ഇന്‍ഷുറന്‍സും ഉണ്ടാകും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒറ്റക്കുട്ടി പ്രവേശനത്തിന് മുന്‍ഗണന നല്‍കും. സൗജന്യ വിദ്യാഭ്യാസം ബിരുദതലം വരെയാക്കും.

പെണ്‍കുട്ടിയെങ്കില്‍ ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ് നല്‍കും. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ മുന്‍ഗണനയുണ്ടാകുമെന്നും ബില്ല് നിര്‍ദേശിക്കുന്നു. ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ വെബ്‌സൈറ്റ് വഴിയാണ് കരട് പുറത്തുവിട്ടത്. ഇതില്‍ ഈമാസം 19 വരെ പൊതുജനാഭിപ്രായം സ്വീകരിക്കും. ഗസറ്റില്‍ വിജ്ഞാപനം ചെയ്താല്‍ ഒരു വര്‍ഷത്തിനകം ബില്‍ പ്രാബല്യത്തിലാകും.

Exit mobile version