തേജ് പ്രതാപ് യാദവ് ചന്ദനത്തിരി ബിസിനസ്സിലേക്ക് : ഉത്പന്നനാമം എല്‍&ആര്‍

Tej Pratap Yadav | Bignewslive

പട്‌ന : ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ചന്ദനത്തിരി നിര്‍മാണത്തിലേക്ക്. എല്‍&ആര്‍ എന്നാണ് ചന്ദനത്തിരിയുടെ ഉത്പന്നനാമം.

രാജ്യത്തുടനീളം ചന്ദനത്തിരി വിതരണം ആരംഭിച്ചിട്ടുണ്ട്.തികച്ചും നൈസര്‍ഗികമായാണ് ചന്ദനത്തിരി നിര്‍മാണമെന്ന് തേജ് പ്രതാപ് അറിയിച്ചു. ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷം ഉപേക്ഷിക്കുന്ന പൂക്കള്‍ ശേഖരിച്ച് അവയില്‍ സുഗന്ധതൈലങ്ങളും ചേര്‍ത്താണ് ചന്ദനത്തിരി നിര്‍മാണം. മുളയ്ക്ക് പകരം കൃത്രിമസുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കാത്ത ഓലയാണ് ചന്ദനത്തിരിയുടെ പിടിയുടെ ഭാഗം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.

ഉത്പന്നനാമത്തിലെ എല്‍,ആര്‍ എന്നിവ നീളമേറിയതും ശ്രേഷ്ഠവുമാണെന്നതിന്റെ (longest and richest) ചുരുക്കെഴുത്താണെന്നാണ് വിശദീകരണം. എന്നാല്‍ അതല്ല ഇത് ലാലു-റാബറി എന്നീ പേരുകളുടെ ചുരുക്കെഴുത്താണെന്ന് ആര്‍ജെഡി വൃത്തങ്ങള്‍ പറയുന്നു. കൃഷ്ണലീല അഗര്‍ബത്തി, ബര്‍സാന അഗര്‍ബത്തി, സേവാ കുഞ്ജ് അഗര്‍ബത്തി എന്നിങ്ങനെയാണ് ചന്ദനത്തിരികളുടെ പേര്.കൃഷ്ണവേഷവും ശിവവേഷവും ധരിച്ച് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ തേജ് പ്രതാപ് 2015 മുതല്‍ 2017 വരെ കുറച്ചുകാലം നിതീഷ് കുമാര്‍ മന്ത്രിസഭയില്‍
ആരോഗ്യമന്ത്രിയായിരുന്നു.

ബുധനാഴ്ചയാണ് തന്റെ പുതിയ വ്യവസായ സംരംഭത്തെക്കുറിച്ച് തേജ് പ്രതാപ് വ്യക്തമാക്കിയത്. ലാലുപ്രസാദിന്റെ ദാനാപുരിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. നിര്‍മാണ കേന്ദ്രത്തില്‍ ഇടയ്ക്കിടെ നേരിട്ടെത്തിയും അവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലൂടെയും തേജ് പ്രതാപ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാറുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. യോഗഗുരു രാംദേവിന്റെ സമാന ഉത്പന്നങ്ങള്‍ക്ക് ഈ ചന്ദനത്തിരി ഭീഷണിയുയുര്‍ത്തിയേക്കാമെന്നാണ് തേജ് പ്രതാപിന്റെ അനുയായികളുടെ വാദം.

Exit mobile version