മധുരയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം! ജാനുശ്രീയുടെ വിയോഗം ഞെട്ടിക്കുന്നത്

മധുര: സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ആശുപത്രിയ്ക്ക് സമീപത്ത് താമസിക്കുന്ന കെട്ടിടനിര്‍മ്മാണത്തൊഴിലാളി മരേശിന്റെ മകള്‍ ജാനുശ്രീയാണ് ദാരുണമായി മരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ടാങ്കിന്റെ മുകള്‍ ഭാഗം അടയ്ക്കാതിരുന്നതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.

കീലക്കുയില്‍ക്കുടി എന്ന ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സെപ്റ്റിക് ടാങ്കിന്റെ പണി പൂര്‍ത്തിയായതാണ്. എന്നാല്‍ ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ കഴിയുന്ന തരത്തില്‍ ഒരു ആള്‍ത്തുള സെപ്റ്റിക് ടാങ്കിന്റെ മുകളില്‍ ഉണ്ടായിരുന്നു. അത് മൂടിയിരുന്നില്ല. കളിക്കുന്നതിനിടെ ഈ ആള്‍ത്തുളയിലൂടെ ജാനുശ്രീ താഴേയ്ക്ക് വീണു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വെള്ളം കെട്ടി നിന്നതിനാല്‍ കുഞ്ഞ് മുങ്ങി മരിക്കുകയായിരുന്നു.

ജാനുവിനെ കാണാതായതോടെ ബന്ധുക്കള്‍ പ്രദേശത്തെല്ലാം തിരഞ്ഞു. സെപ്റ്റിക് ടാങ്കിനകത്ത് കുഞ്ഞിനെ കണ്ടെത്തിയപ്പോളത്തേക്കും കുട്ടി മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണത്തിന് കാരണം ജനപ്രതിനിധികളുടേയും കരാറുകാരുടേയും അശ്രദ്ധയാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.

Exit mobile version