ബിജെപിയും ശിവസേനയും തമ്മിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ല; ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെ: സഞ്ജയ് റാവത്ത്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ല, മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെയെന്ന് സഞ്ജയ് റാവത്ത്. ശിവസേന നേതാവിന്റെ പരാമർശം വലിയ ചർച്ചയാകുകയാണ്. ഞങ്ങളുടെ രാഷ്ട്രീയവഴികൾ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമർശത്തിന് പിന്തുണയായാണ് റാവത്തിന്റെ പ്രതികരണം.

ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്നായിരുന്നു ഫഡ്‌നാവിസ് പ്രതികരിച്ചിരുന്നത്. രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഫഡ്‌നാവിസ് മറുപടി നൽകി. ‘ഞങ്ങൾ (ശിവസേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുകളായിരുന്നു. അവർ ഒന്നിച്ച് ഒരു സർക്കാർ രൂപീകരിച്ചു. അവർ ഞങ്ങളെ വിട്ടുപോയി.’ – എന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.

അടുത്തിടെയാണ് ബോളിവുഡ് താരം ആമിർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചനം പ്രഖ്യാപിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും മകന്റെ രക്ഷാകർതൃത്വം ഇരുവരും ചേർന്ന് നോക്കുമെന്നും താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Exit mobile version