സിഖ് യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം : കശ്മീരില്‍ പ്രതിഷേധം ശക്തമാകുന്നു

Anti-Dowry Law | Bignewslive

കശ്മീര്‍ : നാല് സിഖ് യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജമ്മു,കഠ്‌വ,ഉദംപൂര്‍,റിയാസി,ശ്രീനഗര്‍,അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ സിഖുകാര്‍ തെരുവിലിറങ്ങി. കഠ്‌വ,ജമ്മു എന്നിവിടങ്ങളിലെ ഹൈവേകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.സിഖ് സമുദായത്തിലെ നിരവധി പേര്‍ ജമ്മു കശ്മീര്‍ ഭവന് പുറത്ത് തടിച്ചു കൂടി.

ജഗ് ആസ്ര ഗുരു ഓട്ട് (ജാഗോ) എന്ന പാര്‍ട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ജമ്മുവിലും മതപരിവര്‍ത്തന നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് ജി.കെ മഞ്ചിത് സിങ് പറഞ്ഞു. യുവതികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയയ്ക്കണമെന്നും ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമമുണ്ടാകണമെന്നും സിഖ് സമൂഹം ആവശ്യപ്പെടുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ജമ്മു, കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുമായി വിഷയം ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് ശിരോമണി അകാലിദള്‍ നേതാവ് മഞ്ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. “ഞങ്ങള്‍ രണ്ട് ദിവസമായി പ്രതിഷേധിക്കുന്നു. മധ്യവയസ്‌കനെ വിവാഹം കഴിച്ച പതിനെട്ട് വയസ്സുകാരിയടക്കം നാല് യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്തു. അവള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവെന്നാണ് പറയുന്നത്. ജുഡീഷ്യറി പോലും യുവതിയുടെ കുടുംബത്തോട് നീതി പുലര്‍ത്താത്തത് ഖേദകരമാണ്.” അദ്ദേഹം പറഞ്ഞു.

“പെണ്‍കുട്ടിയുടെ കുടുംബത്തിന് കോടതിക്കുള്ളിലേക്ക് പ്രവേശനമില്ല. എന്നാല്‍ അയാളുടെ കുടുംബത്തിനുണ്ട്. ഇത് അവളെ നിര്‍ബന്ധിച്ച് പരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഞങ്ങളുടെ സമൂഹം ഇത് കണ്ടുനില്‍ക്കില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version