രാഷ്ട്രപതിയുടെ സന്ദര്‍ശനം; ആശുപത്രി ആവശ്യം പോലും ‘ബ്ലോക്ക്’ ചെയ്ത് ഗതാഗത നിയന്ത്രണം, ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു! ഒടുവില്‍ യുപി പോലീസിന്റെ മാപ്പപേക്ഷ

ലഖ്നൗ: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍പ്പെട്ട് സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു. ആശുപത്രിയിലേയ്ക്ക് പോകവെയായിരുന്നു വന്ദന മിശ്ര എന്ന അമ്പതുകാരിയെയും കൊണ്ട് എത്തിയ സംഘം റോഡില്‍പ്പെട്ടുപോയത്. ഏറെ നേരം കാത്തുനിന്ന ശേഷമാണ് ആശുപത്രിയിലെത്താന്‍ സാധിച്ചത്.

ഈ സമയം വന്ദന മിശ്ര മരണത്തിന് കീഴടങ്ങിയിരുന്നു. നേരത്തേ കോവിഡ് 19 ബാധിച്ചയാളാണ് വന്ദന. രോഗമുക്തി നേടിയെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. സംഭവത്തില്‍ യുപി പോലീസ് ഖേദപ്രകടനം നടത്തി രംഗത്തെത്തി.

കാണ്‍പുര്‍ പോലീസിനുവേണ്ടിയും വ്യക്തിപരമായും താന്‍ മാപ്പുചോദിക്കുന്നതായി കാണ്‍പുര്‍ പോലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു.’ വന്ദന മിശ്രയുടെ നിര്യാണത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത് ഭാവിയിലേക്കുളള ഒരു വലിയ പാഠമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിര്‍ത്തുന്ന രീതിയിലുളളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.’ അദ്ദേഹം ട്വീറ്റ് ചെയ്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രി കാണ്‍പൂരിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒരു സബ് ഇന്‍സ്പെക്ടറിനെയും മൂന്ന് കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തു. അന്വേഷണം നടത്തുന്നതിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. തന്റെ അനുശോനം കുടുംബത്തെ അറിയിക്കാന്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Exit mobile version