കാര്‍ഷിക കടം എഴുതി തള്ളും വരെ മോഡിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന രാഹുലിന്റെ വെല്ലുവിളി ഏറ്റു; ഗുജറാത്തില്‍ 650 കോടിയുടെ വെദ്യുത ബില്ലുകള്‍ എഴുതിതള്ളുമെന്ന് ബിജെപി സര്‍ക്കാര്‍

അഹമ്മദാബാദ്: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാതെ മോഡിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് പിന്നാലെ ഗുജറാത്തിലെ 650 കോടി രൂപ വരുന്ന വൈദ്യുത ബില്ലുകള്‍ എഴുതിതള്ളുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സൗരഭ് പട്ടേല്‍.

ഗ്രാമങ്ങളിലെ ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളുടെ ബില്ലുകളാണ് എഴുതിതള്ളുന്നത്. ഇത് വഴി 6,22,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാകുമെന്ന് സൗരഭ് പട്ടേല്‍ അവകാശപ്പെട്ടു.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമേറ്റയുടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയിരുന്നു. മധ്യപ്രദേശില്‍ അധികാരമേറ്റയുടന്‍ കമല്‍നാഥ് സര്‍ക്കാര്‍ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയിരുന്നു. ഛത്തീസ്ഗഢില്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് ഇന്ന് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോഡിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോഡി തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version