പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാകും; വിചിത്ര വാദവുമായി യുപി വനിത കമ്മീഷന്‍ അംഗം

ലഖ്‌നോ: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാവുമെന്ന വിചിത്ര വാദവുമായി യു.പി വനിത കമ്മീഷന്‍ അംഗം. യു.പി വനിത കമ്മീഷന്‍ അംഗമായ മീനാകുമാരിയാണ് വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം അലിഗഢില്‍ നടന്ന വനിത കമീഷന്റെ പരാതി പരിഹാര അദാലത്തിനിടെയായിരുന്നു അംഗത്തിന്റെ പ്രസ്താവന.

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാകും. രക്ഷിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷത്തില്‍ ഉദാസീനതയുണ്ടാവുേമ്പാഴാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കുമാരി തന്നെ പിന്നീട് രംഗത്തെത്തി. പ്രതിദിനം 20ഓളം സ്ത്രീകള്‍ തന്റെ അടുത്ത് പരാതിയുമായി എത്താറുണ്ട്. ഇത് ആറ് പരാതികളിലേയെങ്കിലും വില്ലന്‍ മൊബൈല്‍ ഫോണാണ്. ഇതില്‍ പല പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന് അവര്‍ പറഞ്ഞു.

ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. അവര്‍ ഫോണ്‍ ഉപയോഗിച്ച് ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് അശ്ലീല വിഡിയോകളും പെണ്‍കുട്ടികള്‍ കാണുന്നുണ്ടെന്നും കുമാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മീനാകുമാരിയുടെ പ്രസ്താവനയെ തള്ളി വനിത കകമ്മീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് പറയുന്നതിന് പകരം അവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടെതെന്നും ചൗധരി പറഞ്ഞു.

Exit mobile version