കുതിച്ചുയര്‍ന്ന് ഇന്ധനവില; ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ 100 കടന്നു, കേരളവും സെഞ്ച്വറിയിലേക്ക്, സംസ്ഥാനത്ത് മാത്രം ഈ വര്‍ഷം കൂടിയത് 10.54 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് ഇന്ധനവില. ചൊവ്വാഴ്ച ജമ്മു കശ്മീരിലും പെട്രോള്‍ വില നൂറ് കടന്നു. മുംബൈയിലെ പെട്രോളിന്റെ ഇന്നത്തെ വില 100.72 രൂപയാണ്. ഡീസലിന് 92.17 രൂപയായി. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പെട്രോള്‍ വില നൂറ് രൂപ കടന്നു.

കഴിഞ്ഞ 17 ദിവസമായി രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി കുത്തനെ ഉയരുകയാണ്.ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ പെട്രോള്‍ വില 95 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 96.50 രൂപയായി.

ഇന്ധനവില നിയന്ത്രണ അധികാരം സ്വകാര്യ കമ്പനികള്‍ക്ക് കൊടുത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. രാജ്യത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഇന്ധന വില വര്‍ധവ് നിലച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രതിദിനമുള്ള വിലവര്‍ധന പൂര്‍വ്വാധികം ശക്തമായി. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പെട്രോള്‍ വില നൂറ് രൂപ കടന്നു.

കേരളത്തിലും ഇന്ധനവില നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ജനുവരി ഒന്നിന് 85.96 ആയിരുന്നു തിരുവനന്തപുരത്തെ പെട്രോള്‍ വില. എന്നാല്‍ തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയാണ് ചൊവ്വാഴ്ചത്തെ വില.ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് വര്‍ധിച്ചത് 10.54 രൂപയാണ്. ഡീസല്‍ വില ജനുവരി ഒന്നിന് 79.89 രൂപയായിരുന്നത് വര്‍ധിച്ച് ജൂണ്‍ ഒന്നിന് 91.78 രൂപയായതോടെ ഈ വര്‍ഷത്തെ വിലവര്‍ധന 11.89 രൂപയും ആയി. ഈ രീതിയില്‍ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തും ഇന്ധന വില മൂന്നക്കം തൊടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version