ഗുജറാത്ത് ആഭ്യന്തരമന്ത്രി, തെരഞ്ഞെടുപ്പിൽ തോറ്റതോടെ മോഡി അഡ്മിനിസ്‌ട്രേറ്ററാക്കി; കണ്ണൻ ഗോപിനാഥനുമായി ഉടക്ക്; എംപിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കരങ്ങൾ; പ്രഫുൽ പട്ടേൽ ചില്ലറക്കാരനല്ല

praful and modi_

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റ അനുനായിയും ബിജെപി നേതാവുമായിരുന്ന പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ ഉണ്ടാക്കുന്ന വിവാദങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. കർമ്മമണ്ഡലത്തിൽ എപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു പ്രഫുൽ പട്ടേൽ. സിവിൽ സർവീസ് ഓഫീസറല്ലാതിരുന്നിട്ടും കേന്ദ്രഭരണപ്രദേശത്തിന്റെ അഡ്മിനിസിട്രേറ്ററായി പ്രഫുൽ പട്ടേലിനെ നിയമിച്ചത് തന്നെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഇളവിന് ഉദാഹരണമാണ്. ദാദ്ര നഗർ ഹവേലി, ദമൻ, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പട്ടേലിനെ ലക്ഷദ്വീപിന്റെ അധിക ചുമതലയും ഏൽപ്പിച്ചു.

ഗുജറാത്തിൽ മോഡി മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരം കൈകാര്യം ചെയ്യാനും പട്ടേലിനെ നിയോഗിച്ചിരുന്നു. ഗുജറാത്തിൽ സബർക്കന്ധയിലെ ഹിമ്മത് നഗർ മണ്ഡലത്തിൽ നിന്ന് ബിജെപി എംഎൽഎയായി വിജയിച്ച് 2007ലാണ് പ്രഫുൽ പട്ടേൽ രാഷ്ട്രീയപ്രവേശനം നടത്തിയത്. 2010ൽ സൊഹ്‌റാബുദ്ദീൻ വ്യാജഏറ്റുമുട്ടൽ കേസിൽ അമിത് ഷാ അറസ്റ്റിലായപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതല കന്നിക്കാരനായ പ്രഫുൽ പട്ടേലിനെ മോഡി ഏൽപ്പിച്ചു. എന്നാൽ, പിന്നീട് 2012ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2014ൽ മോഡി പ്രധാനമന്ത്രി ആയതോടെ തന്റെ അടുപ്പക്കാരനായ പട്ടേലിനെ ദാദ്ര നഗർ ഹവേലിയുടെ ഭരണാധികാരിയായി സിൽവാസയിലേക്ക് അയച്ചു.

അത്രനാളും സിവിൽ സർവീസ് ഓഫീസർമാർ വഹിച്ചിരുന്ന ആ പദവിയായിരുന്നു അത്. 2019ലാണ് പ്രഫുൽ പട്ടേലിനെ മലയാളുകളും ശ്രദ്ധിച്ച് തുടങ്ങിയത്. ദേശീയ തെരഞ്ഞെടുപ്പിൽ കളക്ടറും മലയാളിയുമായ കണ്ണൻ ഗോപിനാഥന് തെരഞ്ഞെടുപ്പുചട്ടം മറികടന്ന് ഉത്തരവുകൾ നൽകിയത് പ്രഫുൽ പട്ടേൽ ആണ്. കണ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇലക്ഷൻ കമ്മീഷൻ അഡ്മിനിസ്‌ട്രേറ്ററെ താൽക്കാലികമായി മെരുക്കി. പ്രഫുൽ പട്ടേലിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും നയങ്ങളെ തള്ളി കണ്ണൻ ഗോപിനാഥൻ ഐഎഎസ് ഉപേക്ഷിക്കുകയും ചെയ്തു.

പ്രഫുൽ പട്ടേൽ തുടർന്നും വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി മോഹൻ ദേൽക്കറുമായുള്ള പട്ടേലിന്റെ തുറന്നയുദ്ധം വാർത്തകളായി. ആദിവാസി വിഭാഗക്കാരായ ദേൽക്കർ കുടുംബം സിൽവാസയുടെ ശബ്ദമായിരുന്നു. ഏഴുവട്ടം എംപിയായ മോഹൻ ദേൽക്കർ ബിജെപിയിൽ ചേരുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ ദേൽക്കർ സ്വതന്ത്ര്യനായി നിന്നു. ഇതോടെ ദേൽക്കർ കുടുംബത്തിന്റെ വസ്തുവകകളിൽ ഭരണകൂടം പിടിമുറുക്കി. കേന്ദ്ര ഏജൻസികളെ വിട്ട് അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു.

പൊതു ചടങ്ങുകളിൽനിന്ന് പ്രഫുൽ പട്ടേൽ ഇടപെട്ട് തന്നെ ഒഴിവാക്കപ്പെടുന്നതായി എംപി പരാതിപ്പെട്ടിരുന്നു. അഡ്മിനിസ്‌ട്രേറ്റർക്കെതിരേ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌സഭാ സ്പീക്കർ എന്നിവർക്കും ദേൽക്കർ പരാതി നൽകി. കഴിഞ്ഞ ഫെബ്രുവരി 22ന് മുംബൈയിലെ ഒരു ഹോട്ടലിൽ മോഹൻ ദേൽക്കറെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി, പ്രഫുൽ പട്ടേലിനും ഉദ്യോഗസ്ഥർക്കുമെതിരെ ദേൽക്കർ ഇദ്ദേഹം 15 പേജുള്ള ആത്മഹത്യക്കുറിപ്പും എഴുതിവെച്ചിരുന്നു.

ഈ സംഭവത്തിൽ കേസെടുത്ത മുംബൈ പോലീസ് എഫ്‌ഐആറും തയ്യാറാക്കി. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചില പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടും ദാദ്ര നഗർ ഹവേലിയിൽ ജനകീയ പ്രക്ഷോഭമുണ്ടായിട്ടും പട്ടേലിനെ കൈവിടാൻ കേന്ദ്രം തയ്യാറായില്ല.

സംഘപരിവാറിന്റെ അജണ്ടകൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന, ജനപ്രിയനാകാൻ താൽപര്യമില്ലാത്ത മികച്ച ഭരണാധികാരിയെന്നാണ് ഗുജറാത്തിലെ ബിജെപി പ്രഫുൽ പട്ടേലിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി മോഡിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും ഇഷ്ടക്കാരനായതുകൊണ്ടുതന്നെ ഒരു വിവാദത്തിനും പട്ടേലിനെ വീഴ്ത്താനാകില്ലെന്ന് ബിജെപിക്ക് ഉറപ്പാണ്.

Exit mobile version