വാക്‌സിന്‍ ലൈംഗീക ശേഷി കുറയ്ക്കും: കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ഒഴിവാക്കാന്‍ പുഴയില്‍ ചാടി യുപിയിലെ ഗ്രാമീണര്‍

ലഖ്‌നൗ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വാക്‌സിന്‍ ക്ഷാമം വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയില്‍ ഒരു വിചിത്രമായ റിപ്പോര്‍ട്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നും വരുന്നത്. ഉത്തര്‍പ്രദേശിലെ ബറാബങ്കിയിലെ ഗ്രാമത്തില്‍ വാക്‌സിന്‍ എടുക്കാനുള്ള ആളെ കിട്ടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിന്‍ കുത്തിവയ്പ്പ് ഒഴിവാക്കാന്‍ ബറാബങ്കിയിലെ ഗ്രാമവാസികള്‍ സരയുനദിയിലേക്ക് എടുത്ത് ചാടി എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി കുത്തിവെപ്പെടുക്കാന്‍ തുടങ്ങിയതോടെയാണിത്. ശനിയാഴ്ചയാണ് ഇത്തരത്തില്‍ സംഭവമുണ്ടായതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. വാക്‌സിനേഷന്റെ പ്രാധാന്യമടക്കം നിരത്തി ആളുകളെ ബോധവത്കരണം നടത്തിയിട്ടും ഗ്രാമത്തിലെ 14 പേര് മാത്രമാണ് വാക്‌സിന്‍ എടുക്കാന്‍ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ലൈംഗീക ശേഷി കുറയ്ക്കും എന്നാണ് ഗ്രാമ വാസികളില്‍ ചിലര്‍ പറയുന്നത്. ഇത് കാരണമാണ് തങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാത്തതെന്ന് ചില ഗ്രാമീണര്‍ പറയുന്നു.വാക്‌സിനല്ല കുത്തിവെക്കുന്നതെന്നും വിഷമാണ് കുത്തിവെക്കുന്നത് ചിലര്‍ പ്രചരണം നടത്തിയതിനാലാണ് നദിയിലേക്ക് ചാടിയതെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

കോവിഡ് വാക്‌സിന്‍ ദോഷകരമാണെന്നാണ് സിസോദിയയിലെ കൃഷിക്കാരനാണ് ശിശുപാല്‍ പറയുന്നത്. മെട്രിക്കുലേഷന്‍ പാസായ താന്‍ ഇക്കാര്യം കഴിയും വിധത്തിലെല്ലാം ഗ്രാമീണരെ ‘ബോധവത്കരിക്കുന്നുണ്ടെന്നും’ ശിശുപാല്‍ പറയുന്നു. നഗരങ്ങളിലുളള സുഹൃത്തുക്കളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് ശിശുപാല്‍ പറയുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല. രണ്ട് ഡോസ് വാക്‌സിനും എടുത്ത തന്റെ അമ്മാവന്‍ ഡല്‍ഹിയില്‍ കോവിഡ് വന്നു മരിച്ചെന്നും ഇയാള്‍ പറഞ്ഞു.

വാക്‌സിന്‍ എടുത്ത ശേഷവും ആളുകള്‍ക്ക് രോഗം വരുന്നുണ്ടെന്നും മരിക്കുന്നുണ്ടെന്നും ഗ്രാമീണര്‍ പറയുന്നു. പിന്നെ എന്തിന് കുത്തിവെയ്പ് എടുക്കണം എന്നാണ് ഇവരുടെ ചോദ്യം. സര്‍ക്കാര്‍ എന്തിനാണ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. ആവശ്യമുള്ളവര്‍ എടുത്താല്‍ പോരേയെന്നാണ് മറ്റൊരു ഗ്രാമീണനായ മുഹമ്മദ് അഹ്‌സന്‍ ചോദിക്കുന്നത്. കൊവിഡ് വാക്‌സിന്‍ പ്രാധാന്യത്തിന്റെ ബോധവത്ക്കരണം രാജ്യത്തിന്റെ ഗ്രാമ പ്രദേശങ്ങളിലേക്ക് കൃത്യമായി എത്തിയിട്ടില്ല എന്നതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Exit mobile version