കോവിഡ് മൂന്നാം തരംഗം കുട്ടികളിലാകും രൂക്ഷമായി ബാധിക്കുക; ഇന്ത്യയിലെ നേസൽ കൊവിഡ് വാക്‌സിൻ ഫലപ്രദമാകുമെന്ന് ഡബ്ലുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ

soumya_

ന്യൂഡൽഹി: രണ്ടാം തരംഗം യുവാക്കളെ ആക്രമിച്ചപ്പോൾ കോവിഡ് കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെ കുട്ടികളെയാകും ബാധിക്കുക എന്ന നിരീക്ഷണവുമായി ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ. കുട്ടികളെ രൂക്ഷമായി ബാധിക്കുന്ന മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യൻ നിർമ്മിത ‘നേസൽ കൊവിഡ് വാക്‌സിൻ’ ഫലപ്രദമായിരിക്കുമെന്നും സൗമ്യ സ്വാമിനാഥൻ നിരീക്ഷിച്ചു.

കുത്തിവെയ്പ്പില്ലാതെ മൂക്കിലൂടെ സ്വീകരിക്കാനാകുന്ന ഈ വാക്‌സിൻ ഈ വർഷം ലഭ്യമാവില്ലെങ്കിലും കുട്ടികളിലെ രോഗബാധയെ പ്രതിരോധിക്കുന്നതിന് ഇത് ഏറെ ഗുണം ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധകൂടിയായ സൗമ്യ വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിക്കാൻ പോകുന്ന നേസൽ വാക്‌സിനുകൾ കുട്ടികളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇവ ശ്വാസകോശ നാളികൾക്ക് പ്രതിരോധം നൽകും. മുതിർന്നവർക്ക്, പ്രത്യേകിച്ച് അധ്യാപകർക്ക് വാക്‌സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.

അധ്യാപകർക്ക് വാക്‌സിനേഷൻ നൽകിയാൽ, അതൊരു വലിയ ചുവടുവെപ്പായിരിക്കും. നേസൽ വാക്‌സിൻ കുത്തിവെപ്പിനെക്കാൾ എളുപ്പമാർഗമായതിനാൽ അത് വിപണിയിൽ എത്തിയാൽ ജനപ്രിയമായി തീരും എന്നതിൽ സംശയമില്ലെന്നും സൗമ്യ നിരീക്ഷിക്കുന്നു.

കോവിഡ് വ്യാപന സാധ്യത കുറഞ്ഞെങ്കിൽ മാത്രമേ സ്‌കൂളുകൾ വീണ്ടും തുറക്കാനാവൂ. അതുകൊണ്ട് കുട്ടികൾക്ക് വാക്‌സിൻ നൽകും. എന്നാൽ ഈ വർഷം അത് നടപ്പിലാകും എന്ന് കരുതുന്നില്ല, കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കുറയുമ്പോൾ സ്‌കൂളുകൾ തുറക്കണം. ബാക്കി രാജ്യങ്ങൾ അതാണ് ചെയ്തത്.

കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല അല്ലെങ്കിൽ കുറഞ്ഞ ലക്ഷണങ്ങളാകും ഉണ്ടാവുക. അവർക്ക് പൊതുവെ ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ നീതി ആയോഗ അംഗം വികെ പോൾ അറിയിച്ചത്. കുട്ടികൾക്കിടയിൽ കോവിഡ് ചികിത്സിക്കുന്നതിനായി ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കണമെന്നും എന്നാൽ പ്രക്ഷേപണ ശൃംഖലയുടെ ഭാഗമാകാൻ അവരെ അനുവദിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version