ബൈക്കിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്റെ കൈ വെട്ടി മാറ്റി! പണവും ടാബ്ലറ്റുമായി കടന്നു; അറ്റുപോയ കൈ മണിക്കൂറുകള്‍ക്കകം തുന്നിച്ചേര്‍ത്തു

അമൃത്സര്‍: ബൈക്കിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്റെ കൈവെട്ടിമാറ്റി. പിന്നാലെ പണവും ടാബ്ലറ്റും അടങ്ങിയ ബാഗ് പിടിച്ചെടുത്ത് കടന്നുകളഞ്ഞു. പഞ്ചാബിലെ അമൃത്സര്‍ നൗഷെഹ്‌റയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അറ്റുപോയ കൈ തുന്നിച്ചേര്‍ക്കുകയും ചെയ്തു.

ആകാശ് അവന്യുവില്‍ താമസിക്കുന്ന പ്ലാത്ത് വിശ്വാസ്(35) എന്നയാളാണ് അക്രമണത്തിന് ഇരയായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വിശ്വാസ്, ഇടപാടുകാരില്‍നിന്ന് കളക്ഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നത്.

ബൈക്കിലെത്തിയ രണ്ടു പേര്‍ യുവാവിന്റെ കൈ വെട്ടിമാറ്റി ടാബ്ലറ്റും പണവും സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. അറ്റുപോയ കൈയുമായി ചോരയില്‍ കുളിച്ച് റോഡരികില്‍ കിടന്ന വിശ്വാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍തന്നെ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കൈ തുന്നിച്ചേര്‍ത്തു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version