കോവിഡ് വാക്‌സിൻ എടുത്തവരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടായത് ഗുരുതരമല്ല: കേന്ദ്രസർക്കാർ സമിതി

covid-vaccine_

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ കുത്തിവെപ് എടുത്ത ചിലർക്കുണ്ടായ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഗുരുതരമായി കാണേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ സമിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകൾ മാത്രമാണ് ഇങ്ങനെയുണ്ടായിട്ടുള്ളൂ എന്നും അത് വളരെക്കുറവാണെന്നും കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങൾ വിലയിരുത്തുന്ന സമിതിയാണ് ഇക്കരാ്യം അറിയിച്ചത്.

700 കേസുകളിൽ ‘ഗുരുതരമായ’ 498 എണ്ണമാണു സമിതി വിശദമായി പഠിച്ചത്. ഇതിൽ 26 കേസിൽ മാത്രമാണു യഥാർത്ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു റിപ്പോർട്ടിൽ പറയുന്നത്.

പ്രധാനമായും പരാതിയുയർന്ന കോവിഷീൽഡ് വാക്‌സീൻ ഉപയോഗിച്ചവരിൽ ഒരു ദശലക്ഷം ഡോസിന് 0.61 കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തതെന്നും സമിതി ചൂണ്ടിക്കാട്ടി.

കോവിഷീൽഡ് വാക്‌സീനെടുത്ത യുകെയിൽ ഒരു ദശലക്ഷം ഡോസിനു നാലു കേസുകളും ജർമനിയിൽ 10 കേസുകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കണക്ക് വളരെ കുറവാണ്.

കോവാക്‌സിനു ഗുരുതര പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമിതി വ്യക്തമാക്കി. സാഹചര്യം സുരക്ഷിതമാണെങ്കിലും ഇത്തരം പ്രതികൂല സംഭവങ്ങൾക്കും സാധ്യതയുണ്ടെന്നു ജനങ്ങളെ ബോധവൽക്കരിക്കാൻ വാക്‌സിനേഷൻ ഉദ്യോഗസ്ഥർക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

Exit mobile version