ടൗട്ടെ മഹാരാഷ്ട്ര തീരത്തേക്ക്, അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Taukte | Bignewslive

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് മാഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഇന്ന് റായ്ഗഡ്,പാല്‍ഘര്‍,രത്‌നഗിരി,മുംബൈ,തീരങ്ങളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ ഗോവാതീരത്ത് ചുഴലിക്കാറ്റ് എത്തിയതിന് പിന്നാലെ കൊങ്കണ്‍ മേഖലയിലടക്കം മഹാരാഷ്ട്രയുടെ തീരപ്രദേശത്ത് ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്തു. പലയിടങ്ങളിലും ശക്തിയേറിയ കാറ്റും ഉണ്ടായിരുന്നു. തീരദേശ ജില്ലകളിലെങ്ങും ആകാശം ഇരുണ്ടുകൂടി.
പന്‍വേല്‍ അടക്കം നവിമുംബൈയുടെ ഒരുഭാഗം ഉള്‍പ്പെടുന്ന റായ്ഗഡ് ജില്ലയില്‍ ഇന്ന് അതിശക്തമായ മഴയാണ് കാലാവാസ്ഥാകേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മുംബൈ നഗരം ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും മുംബൈ തീരത്തിന് സമീപത്തുകൂടിയാണ് കടന്ന് പോകുന്നത് എന്നതിനാല്‍ അതിന്റെ പ്രതിഫലനം നഗരത്തിലുണ്ടാകും.

ദേശീയ ദുരന്തനിവാരണസേന അടക്കം രംഗത്തുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാരും കോര്‍പ്പറേഷനും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ പറഞ്ഞു.കാറ്റില്‍ മരം വീണുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളിനാല്‍ അടിയന്തിര ഇടപെടലിന് എല്ലാ വാര്‍ഡ് ഓഫിസര്‍മാര്‍ക്കും മുംബൈ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങളൊരുക്കാനും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം മുംബൈയില്‍ മൈതാനങ്ങളിലടക്കമുള്ള താല്ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് അറുന്നൂറോളം രോഗികളെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി. ബാന്ദ്രയില്‍ നിന്ന് വര്‍ളിയിലേക്ക് കടലിന് കുറുകെയുള്ള സീലിങ്ക് ഇന്ന് അടച്ചേക്കും.

Exit mobile version