കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം : യുപിയില്‍ മതനേതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍

Covid protocol | Bignewslive

ലഖ്‌നൗ : താല്ക്കാലിക കര്‍ഫ്യൂ നിലനില്‍ക്കേ യുപിയില്‍ മതനേതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് ആയിരങ്ങള്‍. കോവിഡ് രണ്ടാം തരംഗം രാജ്യത്ത്‌ കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കേയാണ്‌ മാസ്‌കുകള്‍ പോലും ധരിക്കാതെ ആളുകള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്.

ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച അന്തരിച്ച പുരോഹിതന്‍ അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്‌കാര ചടങ്ങിലാണ് പ്രോട്ടോക്കോള്‍ ലംഘനം. സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദേശം നിലനില്‍ക്കേയാണ് സംസ്‌കാര ചടങ്ങിലെ ജനക്കൂട്ടം. മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

പുരോഹിതന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസ് എടുത്തിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ പരിശോധിച്ച് നടപടി എടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി അറിയിച്ചു. അതേ സമയം വന്‍ ജനാവലി ഒത്തു കൂടാനുള്ള സാധ്യത നിലനിന്നിട്ടും ജില്ലാ ഭരണകൂടം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് യുപി സര്‍ക്കാര്‍ ഈടാക്കിയിരിക്കുന്ന പിഴ. ഒന്നിലധികം തവണ മാസ്‌ക് ധരിക്കാതെ കറങ്ങിനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ പതിനായിരം രൂപയാകും. മാസ്‌കുകള്‍ ഇല്ലാതെ സാമൂഹിക അകലം പോലും പാലിക്കാതെയാണ് വീഡിയോയില്‍ ആളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്.

Exit mobile version