മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡിനെ കോവിഡ് കവര്‍ന്നു: ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടായിട്ടും കോവിഡ് കീഴ്പ്പെടുത്തിയതിന്റെ ഞെട്ടലില്‍ കായികലോകം

ബറോഡ: പ്രശസ്ത ഇന്ത്യന്‍ ബോഡി ബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ വിജയിയുമായ
ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ സഹായം കൊണ്ട്് ജീവന്‍ നിലനിര്‍ത്തിവരുകയായിരുന്നു. ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് കായികലോകം.

ലോകസൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ അടക്കം ഒട്ടേറെ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.

മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാള്‍ ഗ്രാമത്തില്‍ ജനിച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബൈയിലേക്ക് താമസം മാറ്റി. അതിനുശേഷം വഡോദരയില്‍ സ്വന്തം ജിംനേഷ്യം തുടങ്ങുകയും അങ്ങോട്ട് മാറുകയുമായിരുന്നു.

‘ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാല്‍ അവനെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയര്‍ ബോഡിബില്‍ഡിങ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ വലുതാണ്. അവന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’- ജഗദീഷിന്റെ സുഹൃത്തും പഴ്സനല്‍ ട്രെയ്നറുമായ രാഹുല്‍ ടര്‍ഫേ പറഞ്ഞു.

അതേസമയം ജഗദീഷ് ലാഡിന്റെ മരണത്തിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ബോഡിബില്‍ഡിംഗ് രംഗം. ‘ബോഡിബില്‍ഡിംഗ് നാല് വര്‍ഷം മുമ്പ് ലാഡ് അവസാനിപ്പിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി ക്ലേശത്തിലായിരുന്നു. ലാഡും ഇവിടുള്ള മറ്റൊരു ബോഡിബില്‍ഡറായ ലഖാനും കൃത്യമായ ചികില്‍സ ലഭിക്കാത്തത് കൊണ്ടാണ് മരണപ്പെട്ടത്. വാടക അടയ്ക്കാത്തത് കൊണ്ട് ബറോഡയിലെ വീട്ടില്‍ വെച്ച് വാക്സിന്‍ സ്വീകരിക്കാന്‍ ഭുവുടമ അനുവദിച്ചിരുന്നില്ല.

ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ബോഡിബില്‍ഡര്‍മാരെ കോവിഡ് കീഴ്പ്പെടുത്തുമെങ്കില്‍, വൈറസ് ആരെയും ഇല്ലാതാക്കാം. ബോഡിബില്‍ഡര്‍മാര്‍ ദൈവങ്ങളല്ല. ഞങ്ങള്‍ക്കും കോവിഡ് ഗുരുതരമായി ബാധിക്കാം’- അന്താരാഷ്ട്ര ബോഡിബില്‍ഡറായ സമീര്‍ ദബില്‍കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Exit mobile version