‘6000 ബെഡുള്ള കൊവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മ്മിച്ചുവെന്ന് പ്രചരണം, ചിത്രം ഖത്തര്‍ സ്റ്റേഡിയത്തിന്റേതും’; വ്യാജ പ്രചരണം പൊളിച്ചു കൊടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് ഇടയിലും വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങള്‍ക്കും കുറവില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്തയായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നത്.

നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്തത്. നിരവധി ഗ്രൂപ്പുകളിലും ഈ വാര്‍ത്ത വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്. ഇന്‍ഡോറില്‍ നാല് ഓക്‌സിജന്‍ പ്ലാന്റോടു കൂടി ആറായിരം ബെഡുള്ള കൊവിഡ് കെയര്‍ സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നാണ് സന്ദേശം.

എന്നാല്‍ 2022ലെ ഫുട്‌ബോള്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയ ദോഹ അല്‍ഖോറിലെ അല്‍ ബയ്ത് സ്റ്റേഡിയമാണ് ഇതിന്റെ ചിത്രമായി സന്ദേശത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. അറുപതിനായിരം കാണികള്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ സ്റ്റേഡിയമാണ് അല്‍ ബയ്ത്ത്. ഇതിന്റെ ചിത്രം വച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വ്യാജ പ്രചരണം.

അതേസമയം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇത്തരത്തില്‍ ഒരു കൊവിഡ് ആശുപത്രി നിര്‍മ്മിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ രാധാ സവോമി സത്സ്ംഗ് ബിയാസ് ഗ്രൗണ്ടിലാണ് ഇത്തരത്തില്‍ ഒരു ആശുപത്രി നിര്‍മിച്ചിട്ടുള്ളത്. മാ അഹല്യ കൊവിഡ് കെയര്‍ സെന്റര്‍ എന്നാണ് പേര്. എന്നാല്‍ ആശുപത്രി നിര്‍മിച്ചത് ആര്‍എസ്എസ് അല്ല. ആര്‍എസ് എസുമായി ഇതിന് യാതൊരു ബന്ധം പോലുമില്ല.

മധ്യപ്രദേശ് സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ വ്യവസായികളുടെ സഹായത്തോടെയാണ് ഇതിന്റെ നിര്‍മാണം നടന്നത്. പഞ്ചാബ് ആസ്ഥാനമായ സംഘടനയാണ് രാധാ സവോമി. രാഷ്ട്രീയ ബന്ധമോ ചായ്‌വോ ഇല്ലാത്ത ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

നിലവില്‍ 600 ബെഡുകളാണ് ആശുപത്രിയിലെ ശേഷി. എന്നാല്‍ ആറായിരം ബെഡ് ആക്കാനുള്ള പദ്ധതിയുണ്ട്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 6000 ബെഡുകളുള്ള കൊവിഡ് സെന്റര്‍ ഇല്ല. 600 ബെഡുള്ള മാ അഹല്യ കോവിഡ് കെയര്‍ സെന്ററുമായി ആര്‍എസ്എസിന് പ്രത്യക്ഷമായ ബന്ധവുമില്ല.

Exit mobile version