ആ അമ്മയുടെ കണ്ണീര് വിഫലം! മരുന്നിന് കാക്കാതെ ആ മകന്‍ യാത്രയായി: റെംഡെസിവര്‍ മരുന്നിന് വേണ്ടി സിഎംഒയുടെ കാല് പിടിച്ച അമ്മയ്ക്ക് മകനെ നഷ്ടമായി

വാരണാസി:ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗിയായ മകന് മരുന്നിന് വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ വീണ് അപേക്ഷിച്ച അമ്മയുടെ ശ്രമം വിഫലമായി. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ യാത്രയായി.

നോയ്ഡ സ്വദേശിയായ റിങ്കി ദേവി എന്ന് സ്ത്രീയുടെ മകനാണ് മരണപ്പെട്ടത്.
കോവിഡ് ബാധിച്ച മകന് അത്യാവശ്യമായി റെംഡെസിവര്‍ മരുന്ന് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ഇവരെ അറിയിച്ചു. സിഎംഒ ഓഫീസില്‍ മരുന്ന് ഉണ്ടെന്ന് അറിഞ്ഞ അമ്മ ഇവിടേക്ക് പാഞ്ഞെത്തുകയായിരുന്നു.

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇവര്‍ക്ക് മരുന്ന് കിട്ടിയില്ല. ഒടുവില്‍ ചീഫ് മെഡിക്കല്‍ ഓഫീസറെ കണ്ടപ്പോള്‍ കാലില്‍ വീണ് അവര്‍ മരുന്നിനായി അപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മരുന്ന് ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ഒഹ്രി ഇവര്‍ക്ക് കുറിപ്പടി നല്‍കി മടക്കി അയക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആ അമ്മ അപേക്ഷിച്ചു. വൈകീട്ട് നാലു മണിവരെയാണ് ആ സ്ത്രീ അവിടെ കാത്തിരുന്നത്. പക്ഷെ റെംഡെസിവര്‍ മരുന്ന് ലഭിച്ചില്ല.

മരുന്നിനായി വീണ്ടും വരുമെന്ന് ആ അമ്മ പറഞ്ഞപ്പോള്‍, വീണ്ടും വന്നാല്‍ ജയിലിലേക്ക് അയക്കുമെന്നാണ് സിഎംഒ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ 4.30 ന് ആശുപത്രിയില്‍ തിരിച്ചെത്തിയപ്പോഴേക്കും അവരുടെ മകന്‍ മരണപ്പെട്ടിരുന്നു.

യുപിയിലെ ആശുപത്രികളില്‍ മരുന്നുകളുടെയോ ആശുപത്രി കിടക്കകളുടെയോ കുറവില്ലെന്നാണ് യോഗി സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും സംസ്ഥാനത്തെ നിരവധി ആളുകള്‍ റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സംഭവം വെളിപ്പെടുത്തുന്നത്.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി തുടരവെ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒപ്പം കൊവിഡ് പ്രതിസന്ധി സംബന്ധിച്ചുള്ള പരാതികള്‍ വ്യജപ്രചരണമാണെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും യോഗി പറഞ്ഞിരുന്നു.

Exit mobile version