എനിക്ക് 85 വയസായി, ജീവിതം കഴിഞ്ഞു! ‘എന്റെ സ്ഥലം അവര്‍ക്ക് കൊടുക്കൂ, അവരുടെ മക്കള്‍ ചെറുതാണ്’; യുവാവിനായി ആശുപത്രി കിടക്ക നല്‍കി വീട്ടില്‍ മരണം വരിച്ച് വൃദ്ധന്‍

നാഗ്പൂര്‍:രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഓക്‌സിജന്‍ ക്ഷാമവും ഒപ്പം ആശുപത്രിയിലെ കിടക്കകള്‍ക്കുമാണ്. നിരവധി പേരാണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നത്.

അതേസമയം ഈ ഗുരുതര സാഹചര്യത്തില്‍ യുവാവിന് ആശുപത്രിക്കിടക്ക ഒഴിഞ്ഞുകൊടുത്ത് വീട്ടില്‍ മരണം വരിച്ച എണ്‍പത്തിയഞ്ചുകാരനാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാഗ്പൂരിലാണ് സംഭവം. 85-കാരനായ നാരായണ്‍ ദഭാല്‍ക്കറാണ് ആ വാക്കുകളില്‍ ഒടുങ്ങാത്ത നന്മ മനസ്സ്. ഡോക്ടര്‍മാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം ഈ സന്‍മനസിന് തയ്യാറായത്.

കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് നാരായണ്‍ ദഭാല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വന്തം ഭര്‍ത്താവിന് ആശുപത്രിയില്‍ സ്ഥലം ലഭിക്കാന്‍ യാചിക്കുന്ന സ്ത്രീയെ കണ്ട് മനസലിഞ്ഞാണ് നാരായണ്‍ തന്റെ കിടക്ക ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായത്.

‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാന്‍ ജീവിച്ചു. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അവരുടെ മക്കള്‍ ചെറുതാണ്. ദയവായി എന്റെ സ്ഥലം അവര്‍ക്ക് കൊടുക്കൂ..’ നാരായണ്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

വീട്ടിലെത്തി മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് നാരായണ്‍ മരിക്കുന്നത്. ‘ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഒരുപാട് കിണഞ്ഞുപരിശ്രമിച്ചാണ് ആശുപത്രിയില്‍ സ്ഥലം ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹം വീട്ടിലെത്തി. അവസാന നിമിഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. ആ ചെറുപ്പക്കാരനായ രോഗിയെക്കുറിച്ചും സംസാരിച്ചു’, നാരായണന്റെ മകള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

Exit mobile version