മദ്യവില്‍പന നിരോധിച്ചു; അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങിച്ച് കുടിച്ച് യുവാക്കളുടെ പാര്‍ട്ടി; മരിച്ചുവീണത് ഏഴ് പേര്‍

Hand Sanitiser | Bignewslive

നാഗ്പൂര്‍: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് ദാരുണമായി സംഭവം നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, ഒരു സംഘം യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്.

30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ വാക്കുകള്‍ കേട്ടാണ് യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്. അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി വെള്ളിയാഴ്ച രാത്രി പാര്‍ട്ടി നടത്തിയത്. എന്നാല്‍, സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി.

ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായി വാനി പോലീസ് അറിയിച്ചു. അതേസമയം, ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിക്കുന്നു.

Exit mobile version