ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചു; 60 പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 25 ആയി. അറുപത് രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മണിക്കൂറുകള്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ അവശേഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

എത്രയും വേഗം ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു ടാങ്കര്‍ ഓക്‌സിജന്‍ എത്തിച്ചു. ഇതോടെ തല്‍ക്കാല പരിഹാരമായി. ഗംഗാറാം ആശുപത്രിയില്‍ 500 ലധികം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 150ലേറെ പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഇന്നലെ മുതല്‍ തുടങ്ങിയതാണ്. ഇക്കാര്യം ഇന്നലെ രാത്രി തന്നെ ആശുപത്രി ജീവനക്കാര്‍ അധികൃതരെ അറിയിച്ചിരുന്നു. എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്ന് സര്‍ക്കാരിനോട് അറിയിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. വ്യാഴാഴ്ച വൈകീട്ട് തന്നെ ഡല്‍ഹിയിലെ ആറ് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു.

Exit mobile version