‘ഓട് കൊറോണേ ഓട്’: വൈറസിനെ തുരത്താന്‍ പന്തം കത്തിച്ചോടി മധ്യപ്രദേശിലെ ഗ്രാമീണര്‍

മധ്യപ്രദേശ്: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണയെ തുരത്താന്‍ മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമീണര്‍. സംസ്ഥാനത്തെ അഗര്‍ മാള്‍വ ജില്ലയിലുള്ള ഗണേശ്പുര ഗ്രാമത്തിലുള്ള ഗ്രാമീണരാണ് ഞായറാഴ്ച പന്തം കത്തിച്ച്, മന്ത്രംജപിച്ച് കൊറോണയെ ഓടിക്കാന്‍ ശ്രമിച്ചത്.

മന്ത്രം ജപിച്ച് പന്തവുമായി ഓടിയാന്‍ ഗ്രാമത്തില്‍ നിന്ന് കൊറോണ വൈറസ് പോകുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പന്തം കൊണ്ടുള്ള ഓട്ടം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓട് കൊറോണേ ഓട് എന്ന് ആക്രോശിച്ചു കൊണ്ട് പന്തങ്ങള്‍ വായുവില്‍ ചുഴറ്റുന്നതായും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

‘എപ്പോഴെല്ലാം ഗ്രാമത്തില്‍ മഹാമാരി പിടിപെടുന്നുവോ അപ്പോഴെല്ലാം ഗ്രാമത്തിലെ വീടുകളില്‍ നിന്ന് ഒരാള്‍ വീതം കത്തിച്ചു പിടിച്ച പന്തവുമായി ഗ്രാമാതിര്‍ത്തികളിലേക്ക് ഓടണം. ഈ പന്തങ്ങള്‍ പിന്നീട് ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞുകളയും.’ തങ്ങളുടെ മുതിര്‍ന്നവരാണ് ഇത്തരമൊരു സമ്പ്രദായത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടുള്ളതെന്ന് പ്രദേശ വാസികളിലൊരാള്‍ വ്യക്തമാക്കി. പന്തവുമായി ഓടിയതിന് പിന്നാലെ ഗ്രാമത്തില്‍ നിന്നും കൊവിഡ് പോയി എന്നും ഗ്രാമവാസികള്‍ പറയുന്നു.

‘എന്റെ ഗ്രാമമായ ഗണേശപുരയില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി എല്ലാ ദിവസവും ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെയധികം പരിഭ്രാന്തരായി. ഗ്രാമത്തിലെ മിക്കവര്‍ക്കും പനിയുണ്ട്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ ചെയ്തതിന് ശേഷം ഇതുവരെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല.’ പ്രദേശ വാസികളിലൊരാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊറോണ വന്‍പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയും ഇത്തരത്തില്‍ ഒരു മന്ത്രവുമായി രംഗത്ത് വന്നിരുന്നു. ജനങ്ങളോട് ‘ഗോ കൊറോണ ഗോ’ മന്ത്രം ജപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍ ഈ മന്ത്രത്തില്‍ വിശ്വസിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം.

Exit mobile version