വാക്‌സിൻ വിൽപ്പനയ്ക്ക് എത്തുമ്പോൾ വില ആയിരം കടക്കുമെന്ന് വിലയിരുത്തൽ; വിദേശ വാക്‌സിനുകൾക്ക് വില കടുക്കും

covid vaccine | health news

ന്യൂഡൽഹി: രാജ്യത്ത് പൊതുവിപണിയിലേക്ക് കോവിഡ് വാക്‌സിൻ വിൽപ്പനയ്ക്ക് എത്തുന്നതോടെ ഡോസിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്. വാക്‌സിൻ നിർമ്മാതാക്കൾ ഒരു ഡോസിന് 650 രൂപയെങ്കിലും ഈടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വില ഇത്തരത്തിലാണെങ്കിൽ സ്ഥാപനങ്ങൾക്ക് 600-650 രൂപ നിരക്കിലാകും വാക്‌സിൻ ലഭിക്കുക.

നിലവിൽ കേന്ദ്ര സർക്കാർ കുറഞ്ഞ വിലയിലാണ് വാക്‌സിൻ വാങ്ങുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ആസ്ട്ര സെനക്കയുടെ കോവീഷീൽഡ് ഒറ്റഡോസിന് സർക്കാർ നൽകുന്നത് 150 രൂപയാണ്. അതേസമയം, ഇത് വിപണിയിലെത്തുമ്പോൾ 1000 രൂപയെങ്കിലും നൽകേണ്ടിവരും. അന്താരാഷ്ട്ര വിപണിയിൽ കോവാക്‌സിന്റെ വില 15 ഡോളറിനും 20 ഡോളറിനും(1100-1500 രൂപ)ഇടയിലാണ്. എന്നാൽ രണ്ട് ഡോളർ(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നൽകുന്നത്.

ആഗോള വിപണിയിൽ മൊഡേണ വാക്‌സിന്റെ ഒറ്റഡോസിന് 15-33 ഡോളറാണ് വില. അതായത് 1130-2500 രൂപ. ഫൈസർ വാക്‌സിനാകട്ടെ 6.7524 ഡോളറാണ് നൽകേണ്ടത്(500-1800 രൂപ), സ്പുട്‌നികിന് 10 ഡോളർ മുതൽ 19 ഡോളർ(750-1430 രൂപ)വരെയുമാണ് വില ഈടാക്കുന്നത്.

അതേസമയം, രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ കാര്യത്തിലായിരിക്കും 600-650 രൂപ മുതൽ ആയിരം രൂപ വരെയുള്ള ഈ വിലനിലവാരം. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാൽ വിദേശ വാക്‌സിനുകളുടെ വില ഇതിലും കൂടിയേക്കാം. സ്വകാര്യ കമ്പോളത്തിനായി വാക്‌സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ സർക്കാർ നിയന്ത്രണം ഉണ്ടാകാനും സാധ്യതയുണ്ട്. മേയ് ഒന്നിനുമുമ്പ് വിപണിവിലയും സർക്കാരുകൾക്ക് നൽകുന്ന വിലയും നിർമ്മാതാക്കൾ പ്രഖ്യാപിക്കേണ്ടിവരും.

Exit mobile version