‘എനിയ്ക്ക് വോട്ട് ചെയ്യാത്തവര്‍ അനുഭവിക്കും, അവരെ ഞാന്‍ കരയിപ്പിക്കും’ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി മന്ത്രിയുടെ ഭീഷണി

കഴിഞ്ഞ മൂന്ന് തവണകളിലായി 15 വര്‍ഷം തുടര്‍ച്ചയായി മധ്യപ്രദേശ് ഭരിച്ച ബിജെപിക്ക് ഇത്തവണ 230 സീറ്റില്‍ കേവല ഭൂരിപക്ഷമായ 116 സീറ്റ് നേടാന്‍ കഴിഞ്ഞില്ല.

ഭോപ്പാല്‍: ബിജെപിയ്ക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിക്കുമെന്ന പരസ്യഭീഷണയുമായി തെരഞ്ഞെടുപ്പില്‍ തോറ്റ മന്ത്രി രംഗത്ത്. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൌഹാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അര്‍ച്ചന ചിത്‌നിസാണ് ഭീഷണിയുമായി രംഗത്ത് വന്നിട്ടുള്ളത്.

ശിവരാജ് സിങ് ചൌഹാന്റെ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അര്‍ച്ചന ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര സിങിനോട് 5120 വോട്ടിനാണ് തോറ്റത്. ഇതില്‍ പ്രകോപിതയും രോഷവും പൂണ്ട അവര്‍ തനിക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്.

എനിക്ക് വോട്ടു ചെയ്യാത്തവര്‍ അനുഭവിക്കുക തന്നെ ചെയ്യും. അവരെ ഞാന്‍ കരയിക്കും. എന്നാല്‍ എനിക്ക് വോട്ടു ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നായിരിക്കില്ലെന്നും അവര്‍ പറഞ്ഞു. മന്ത്രിയുടെ ഭീഷണി ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാവുകയാണ്.

കഴിഞ്ഞ മൂന്ന് തവണകളിലായി 15 വര്‍ഷം തുടര്‍ച്ചയായി മധ്യപ്രദേശ് ഭരിച്ച ബിജെപിക്ക് ഇത്തവണ 230 സീറ്റില്‍ കേവല ഭൂരിപക്ഷമായ 116 സീറ്റ് നേടാന്‍ കഴിഞ്ഞില്ല. ബിജെപി ഇത്തവണ 109 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. മായാവതിയുടെ രണ്ട് സീറ്റിന്റെ ബലത്തില്‍ 114 സീറ്റ് കിട്ടിയ കോണ്‍ഗ്രസാണ് മധ്യപ്രദേശില്‍ ഇത്തവണ അധികാരത്തിലെത്തിയത്.

Exit mobile version