കടല്‍ക്കൊല കേസ്; പത്തുകോടി കെട്ടിവച്ചാലെ നടപടികള്‍ അവസാനിപ്പിക്കുകയുള്ളു; സുപ്രീംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പത്തുകോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച ശേഷം മാത്രമേ നടപടികള്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അക്കൗണ്ടില്‍ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കാമെന്ന് ഇറ്റലി അറിയിച്ചു. കോടതിയായിരിക്കും ഇത് മരണപ്പെട്ടവരുടെ ബന്ധുകള്‍ക്ക് വീതിച്ചു നല്‍കുക. കേസ് നടപടികള്‍ അവസാനിപ്പിക്കും മുന്‍പ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

കടല്‍ക്കൊല കേസില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ട് ഉടമയ്ക്കും നല്‍കേണ്ട നഷ്ട പരിഹാര തുക ഇറ്റലി കെട്ടിവച്ചാലേ ക്രിമിനല്‍ കേസിലെ നടപടി അവസാനിപ്പിക്കു എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
10 കോടി രൂപ കെട്ടിവച്ചാല്‍ നാവികര്‍ക്ക് എതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഇല്ല എന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെ ആണ് 10 കോടി നഷ്ടപരിഹാരം ആയി ഇറ്റലി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. രാജ്യാന്തര ട്രിബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നത്. ഈ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അക്കൗണ്ടില്‍ ഇറ്റലി നിക്ഷേപിക്കണം. തുടര്‍ന്ന് തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ കെട്ടി വയ്ക്കണം. ഇതിന് ശേഷമേ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇന്ത്യ ആണ് സ്വീകരിക്കേണ്ടത് എന്നും ഇറ്റലി സുപ്രീംകോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാം എന്ന് വ്യക്തമാക്കിയതായി കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതം ആണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും.

2012 ഫെബ്രുവരി 15നാണ് ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവം നടന്നത് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 20.5 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍പിടിക്കുകയായിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്റിക ലെക്‌സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗികഭാഷ്യം. സംഭവത്തില്‍ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈന്‍ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി അജീഷ് പിങ്കു (22) എന്നീ രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലില്‍ നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണും മാസിമിലിയാനോ ലാത്തോറും പിടിയിലാവുകയായിരുന്നു.

Exit mobile version