“പ്രിയപ്പെട്ട മോഡി ദയവായി എന്റെ മണ്ഡലത്തില്‍ പ്രചാരണത്തിന് വരൂ, എന്നെ ജയിപ്പിക്കൂ”; ട്വിറ്ററില്‍ ട്രെന്റിങ്ങായി ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പരിഹാസ ക്യാംപെയ്ന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍. ട്വിറ്ററിലൂടെയാണ് പരിഹാസ ക്യാംപെയ്‌ന് ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ തുടക്കമിട്ടത്. സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ബിജെപിയെയും പ്രധാനമന്ത്രിയെയും വെല്ലുവിളിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെയുള്ള ട്വീറ്റ് ചെയ്തത്.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി ദയവായി എന്റെ മണ്ഡലത്തില്‍ പ്രചാരണത്തിന് വരൂ, ഈ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി ഞാനാണ്. താങ്കളുടെ വരവ് എന്റെ ഭൂരിപക്ഷം കൂട്ടും, വിജയമുറപ്പിക്കും’ എന്നാണ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. മോഡി എത്തി എതിര്‍ത്ത് പ്രചാരണം നടത്തിയാല്‍ തങ്ങളുടെ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്ന തരത്തിലാണ് ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ ട്വീറ്റുകള്‍. നരേന്ദ്രമോഡിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ട്വീറ്റുകളെല്ലാം.

സ്റ്റാലിന്റെ മകളുടെ വീട്ടിലെ ആദായ നികുതി വകുപ്പ് റെയ്ഡിന് പിന്നാലെയാണ് ഈ ട്വിറ്റുകള്‍ ട്രന്‍ഡിങ്ങാവുന്നത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ചെന്നൈയ്ക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് റെയ്ഡ് എന്നാണ് ഡിഎംകെ. നേതാക്കളുടെ പ്രതികരണം. കഴിഞ്ഞമാസവും ഡി.എം.കെ. നേതാക്കളുടെയും സഖ്യകക്ഷിയായ എം.ഡി.എം.കെ. നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്.

Exit mobile version