‘ഹെലികോപ്ടര്‍, ഒരു കോടി രൂപ, റോബോട്ട്, ചന്ദ്രനിലേക്ക് വെക്കേഷന്‍’: ‘ആഢംബര വാഗ്ദാന’ങ്ങളുമായി തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥി

ചെന്നൈ: സൗജന്യ ഹെലികോപ്ടര്‍, റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷന്‍ തുടങ്ങി വോട്ടര്‍മാര്‍ക്ക് ‘ആഢംബര വാഗ്ദാന’ പെരുമഴയുമായി സ്ഥാനാര്‍ഥി. തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ശരവണന്റേതാണ് ഈ അസാധാരണ വാഗ്ദാനങ്ങള്‍. മധുരൈ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. ചവറ്റുകുട്ടയാണ് ശരവണന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാറ്, ഹെലികോപ്ടര്‍, ഒരു ബോട്ട്, റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷന്‍, യുവാക്കള്‍ക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങള്‍. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നല്‍കുന്നുണ്ട്.

ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. രാഷ്ട്രീയത്തില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നാണ് 34 കാരനായ ഈ സ്ഥാനാര്‍ത്ഥി പറയുന്നത്

‘തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇതിന്റെ പ്രക്രിയ എന്താണെന്ന് പഠിക്കുന്നതിനാണ് ഞാനും മത്സരിക്കുന്നത്. ആളുകള്‍ക്ക് ഇതിനെപ്പറ്റി ധാരണ വന്നാല്‍ രാഷ്ട്രീയക്കാര്‍ ഭയപ്പെട്ടു തുടങ്ങും ഇത് മികച്ച ഭരണത്തിന് വഴിയൊരുക്കും’ എന്നാണ് ഇയാളുടെ വാക്കുകള്‍.

ഇരുപതിനായിരം രൂപ വായ്പയെടുത്താണ് തെരഞ്ഞെടുപ്പ് ചിലവുകള്‍ നടത്തുന്നതെന്നും ശരവണന്‍ പറയുന്നു. ഇതില്‍ പതിനായിരം രൂപ നാമനിര്‍ദേശം ഫയല്‍ ചെയ്യുന്നതിനായി ചിലവഴിച്ചു. ‘സൗത്ത് മധുരയില്‍ 2,30,000 വോട്ടുകളാണുള്ളത്. 5000 യുവാക്കള്‍ മത്സരിച്ച് 50 വോട്ട് വീതം നേടിയാല്‍ ഒരു പാര്‍ട്ടിക്കും തമിഴ്നാട്ടില്‍ മത്സരിക്കാനാവില്ല. അവര്‍ പൊതുജനങ്ങളെ ഭയപ്പെടും. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്’ ശരവണന്‍ പറയുന്നു.

കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി പല ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നത്. അവരുടെ സര്‍ക്കാര്‍ ജനങ്ങളെ ഒരിക്കലും സേവിച്ചിട്ടില്ല. അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത തരത്തിലുള്ള ഒരു പ്രകടന പത്രിക പുറത്തിറക്കിയത്’ തന്റെ അസാധാരണ വാഗ്ദാനങ്ങളെക്കുറിച്ച് ശരവണന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

Exit mobile version