മതംമാറ്റം ആരോപിച്ച് മലയാളി ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം; കൂട്ട് നിന്ന് പോലീസ്, സംഭവം ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വെച്ച് മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാര്‍ച്ച് 19നായിരുന്നു സംഭവം.

തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്യവേയാണ് ആക്രമണം നടന്നത്. ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ കന്യാസ്ത്രീകള്‍ കൂടെപ്പോയത്. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്.

പോസ്റ്റുലന്റ്‌സ് ആയിരുന്നതിനാല്‍ രണ്ട് പേര് സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു.മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്മാറിയില്ലെന്ന് സന്യാസിനമാര്‍ പറയുന്നു.

മതംമാറ്റാന്‍ കൊണ്ടു പോവുന്നു എന്ന തെറ്റായ വിവരം നല്‍കി ബജ്‌റംഗള്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചു വരുത്തി. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.വനിത പോലീസ് ഇല്ലാതെയാണ് ബലമായി തീവണ്ടിയില്‍ നിന്നും ഇറക്കികൊണ്ട് പോയതെന്നും കെസിബിസി കുറ്റപ്പെടുത്തി. കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രീകളെ പിന്നീട് രാത്രി 11.30 ഓടെയാണ് വിട്ടയച്ചത്.

ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പോലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര. അതേസമയം വിഷയത്തില്‍ കേരള സര്‍ക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സംഭവം യത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്. റെയില്‍വേയും കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Exit mobile version