സിനിമയിലെ പ്രശസ്തി കൊണ്ടൊന്നും കമല്‍ഹാസന്‍ വിജയിക്കില്ലെന്ന് നടി ഗൗതമി; കോയമ്പത്തൂരില്‍ ബിജെപി തന്നെ വിജയിക്കുമെന്നും ആത്മവിശ്വാസം

Gouthami | Bignewslive

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന് തമിഴ്നാട്ടില്‍ വിജയസാധ്യതയില്ലെന്ന് തുറന്നടിച്ച് നടി ഗൗതമി. കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി തന്നെ വിജയിക്കുമെന്നും ഗൗതമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി ജയിക്കും. കോയമ്പത്തൂരില്‍ ബിജെപിയ്ക്ക് വേണ്ടി വോട്ട് ചോദിക്കും,’ ഗൗതമി പറഞ്ഞു.

സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു. വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.

പിന്നാലെയാണ് ഗൗതമി കമല്‍ഹാസന് വിജയ സാധ്യതയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും.

Exit mobile version