മാസങ്ങളായി കർഷക പ്രക്ഷോഭത്തിൽ സജീവം; മകന്റെ വിവാഹം പ്രക്ഷോഭ വേദിയിൽ വെച്ച് നടത്തി ഈ കർഷക നേതാവ്; ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി വധൂവരന്മാർ

ന്യൂഡൽഹി: മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭ വേദിയിൽ സജീവ സാന്നിധ്യമായി തുടരുന്ന കർഷകൻ മകന്റെ വിവാഹം നടത്തിയതും പ്രക്ഷോഭ വേദിയിൽ. ഊണു ഉറക്കവും പ്രക്ഷോഭ വേദിയിൽ തന്നെയായതിനാൽ മകന്റെ വിവാഹവും കർഷകർക്കുള്ള ഐക്യദാർഢ്യം അറിയിക്കാനുള്ള സമരമാർഗ്ഗമാക്കുകയായിരുന്നു മധ്യപ്രദേശിലെ ഈ കർഷക നേതാവ്.

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കർഷകരെ സാക്ഷിയാക്കി മധ്യപ്രദേശിലെ അതിർത്തി ജില്ലയായ രേവയിലാണ് വിവാഹം നടന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കേന്ദ്രസർക്കാറിന് നൽകുന്നതെന്ന് കർഷക നേതാവ് പറഞ്ഞു.

‘മകന്റെ വിവാഹത്തിനായി പോലും പ്രക്ഷോഭ സ്ഥലത്തുനിന്ന് പിൻവാങ്ങില്ലെന്ന കരുത്തുറ്റ സന്ദേശമാണ് ഇതിലൂടെ കേന്ദ്രത്തിന് നൽകുന്നത്. സ്ത്രീധനമില്ലാതെ നടത്തുന്ന ഈ വിവാഹത്തിലൂടെ സമൂഹത്തിന് സന്ദേശം നൽകാനും ഉദ്ദേശിക്കുന്നു. കൂടാതെ ഈ നഗരത്തിൽ ആദ്യമായാണ് വധുവിന്റെ നേതൃത്വത്തിലുള്ള വിവാഹം’-കർഷകനായ രാംജിത് സിങ് പറഞ്ഞു.

ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു രാംജിത് സിങിന്റെ മകൻ സച്ചിന്റെയും അസ്മ സിങ്ങിൻെയും വിവാഹം. ഭരണഘടനയെ സംരക്ഷിക്കുമെന്ന് വധൂവരൻമാർ പ്രതിജ്ഞയുമെടുത്തു. കൂടാതെ സാമൂഹിക പരിഷ്‌കർത്താക്കളായ ബിആർ അംബേദ്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും ചിത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം നടത്തിയാണ് വിവാഹം പൂർത്തിയാക്കിയത്.

വിവാഹ സമ്മാനമായി ലഭിച്ച പണവും സമ്മാനങ്ങളും കർഷക സംഘടനയ്ക്ക് കൈമാറി. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭത്തിൽനിന്ന് പിന്മാറില്ലെന്ന് വരൻ സച്ചിൻ പറഞ്ഞു.

Exit mobile version