കൊവിഡ് വ്യാപനം ഉയരുന്നു; സ്‌കൂളുകള്‍ വീണ്ടും അടച്ചിടാന്‍ ഒരുങ്ങി തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബുധനാഴ്ച അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍ 10വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ കൂടുന്നതോടെ 8വരെയുള്ള ക്ലാസുളിലെ പഠനം വീണ്ടും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തെലങ്കാനയില്‍ കഴിഞ്ഞ രണ്ട് ദിനത്തില്‍ കുട്ടികളും അദ്ധ്യപകരും അടക്കം 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ബാലനഗറിലെ ഒരു സ്‌കൂളില്‍ 38 വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയും, തിങ്കഴളാഴ്ച മച്ചേരിയല്‍ എന്ന സ്ഥലത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ 56 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം തെലങ്കാനയില്‍ ഇന്നലെ 247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 158 പേര്‍ രോഗമുക്തരായി. കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതിവ ജാഗ്രതയിലാണ്. കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version